ബൈക്ക് യാത്രികരെ ഇടിച്ചിട്ട ഗുഡ്സ് ഓട്ടോ നാട്ടുകാര്‍ പിടികൂടി
text_fieldsനെട്ടൂര്‍: ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ ഗുഡ്സ് ഓട്ടോറിക്ഷയും വാഹനത്തിലുണ്ടായിരുന്നവരെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏൽപിച്ചു. മാടവന പള്ളിനടക്ക് സമീപം ബുധനാഴ്ച രാത്രി 10ഓടെയായിരുന്നു അപകടം.
പനങ്ങാട് ഭാഗത്തുനിന്ന് ഇറച്ചിക്കോഴിയുടെ മാലിന്യവുമായി വരുകയായിരുന്ന പെട്ടി ഓട്ടോ അതേ ദിശയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ഇടിക്കുകയും റോഡിലേക്ക് വീണ യുവതിയുടെ ദേഹത്ത് കൂടി കയറിയ വാഹനം നിര്‍ത്താതെ പോവുകയുമായിരുന്നു.
ഇതിനിടയിൽ മറ്റ് വാഹനങ്ങളിലും പെട്ടി ഓട്ടോ ഇടിച്ചു. നിര്‍ത്താതെ ഓടിച്ച് നെട്ടൂരില്‍ നങ്ങ്യാരത്ത് റോഡിലേക്ക് കയറ്റിയ ഓട്ടോ പോകാനാവാതെ കുടുങ്ങി.
വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടിമറയാന്‍ ശ്രമിക്കവേ പിന്തുടര്‍ന്നെത്തിയവരും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയും പനങ്ങാട് പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമായിരുന്നു. പനങ്ങാട് പൊലീസ് എത്തി രണ്ടുപേരെയും ഓട്ടോയും കസ്റ്റഡിയിലെടുത്തു. സുബിന്‍, ജെഫ്രിന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. അപകടത്തില്‍ പരിക്കേറ്റ യുവതി നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

