വണ്ടിച്ചെക്ക് നൽകി തട്ടിപ്പ്; പ്രതി അറസ്റ്റിൽ
text_fieldsകാക്കനാട്: ലക്ഷ്യങ്ങൾ വിലയുള്ള സാധനങ്ങൾ വാങ്ങി വണ്ടിച്ചെക്ക് നൽകി തട്ടിപ്പ് നടത്തുന്ന പറവൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. പറവൂർ മന്നം മനക്കപ്പടിയിലുള്ള ചന്ദനത്തോപ്പിൽ വീട്ടിൽ ഷിബിൽ റഹ്മാനെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്.
വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉൽപന്നങ്ങൾ വാങ്ങിയശേഷം മൊബൈൽ ഫോണിലൂടെയുള്ള ഓൺലൈൻ ഇടപാട് നടക്കാതെവരുമ്പോൾ കാഷ് ചെക്ക് നൽകുന്ന രീതിയായിരുന്നു ഇയാൾ സ്വീകരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. വൈകീട്ട് ബാങ്ക് ഇടപാടുകൾ അവസാനിച്ചതിനുശേഷമുള്ള സമയമാണ് പ്രതി തട്ടിപ്പിനുവേണ്ടി തെരഞ്ഞെടുത്തിരുന്നത്.
മറ്റ് വഴികളില്ലാത്തതിനാൽ അക്കൗണ്ടിൽ പണമുണ്ടെന്ന ഉറപ്പിൽ ചെക്ക് സ്വീകരിക്കുന്ന വ്യാപാരികൾ അടുത്ത ദിവസം ചെക്ക് മാറ്റാൻ ബാങ്കിൽ ചെല്ലുമ്പോഴാണ് തട്ടിപ്പ് നടന്നത് മനസ്സിലാകുന്നതെന്നും പൊലീസ് പറഞ്ഞു.കാക്കനാട് മാവേലിപുരത്ത് പ്രവർത്തിച്ചിരുന്ന ഫോട്ടോസ്റ്റാറ്റ് മൊത്ത വിൽപന ശാലയിൽനിന്ന് റീട്ടെയിൽ വിൽപനക്കെന്നുപറഞ്ഞ് ആറുലക്ഷം രൂപ വിലയുള്ള ഫോട്ടോസ്റ്റാറ്റ് പേപ്പർ ബണ്ടിലുകൾ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
2021ൽ രജിസ്റ്റർ ചെയ്ത കേസിൽ ആദ്യഘട്ടത്തിൽ നടത്തിയ അന്വേഷണങ്ങളിൽ ആലുവ ഇടയപ്പുറം ഭാഗത്ത് ഗോഡൗണിൽ സൂക്ഷിച്ച പേപ്പർ ബണ്ടിലുകൾ കോടതി ഉത്തരവ് പ്രകാരം കണ്ടെടുത്തിരുന്നു. അറസ്റ്റ് വിവരമറിഞ്ഞ് നിരവധി പേരാണ് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് അന്വേഷണങ്ങളുമായി എത്തുന്നത്. നേരത്തേ തട്ടിപ്പിനിരയായ ആളുകൾ ചേർന്ന് വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കി പ്രതിയുടെ ഫോട്ടോ സഹിതം വിവരങ്ങൾ പ്രചരിപ്പിച്ചിരുന്നു. പ്രതിയെ ഏലൂർ പാതാളം ഭാഗത്തുനിന്നാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.