അങ്കമാലിയിൽ നാല് അപകടം; 11 പേർക്ക് പരിക്ക്
text_fieldsഅങ്കമാലി: മേഖലയിൽ വ്യാഴാഴ്ച നാലിടത്തുണ്ടായ വാഹനാപകടങ്ങളിൽ 11 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ദേശീയപാതയിൽ അങ്കമാലി മോർണിങ് സ്റ്റാർ കോളജിന് സമീപം രാവിലെ 7.45ഓടെ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ മഞ്ഞപ്ര ആനപ്പാറ സ്വദേശി ഗോപാലകൃഷ്ണൻ (63), ജീപ്പ് യാത്രികരായ തൃശൂർ പള്ളം സ്വദേശികളായ അബൂസലീം (56), ഹബീബ് അബൂസലിം (22) എന്നിവർക്കാണ് പരിക്കേറ്റത്. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ ജീപ്പ് ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ജീപ്പ് മീഡിയനിൽ കയറി മറിഞ്ഞു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചക്ക് 2.20ഓടെ ദേശീയപാതയിൽ അങ്കമാലി സെന്റ് ജോസഫ്സ് സ്കൂളിന് സമീപം മിനി ലോറി നിയന്ത്രണംവിട്ട് മീഡിയനിൽ കയറിയിറങ്ങി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കയറുകയായിരുന്നു. അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. മുന്നിൽ പോയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടതോടെ ഇടിക്കാതിരിക്കാൻ ശ്രമിച്ചതോടെയാണ് ലോറി നിയന്ത്രണംവിട്ടത്. അപകടത്തിൽ ഡ്രൈവർ കാഞ്ഞിരപ്പിള്ളി സ്വദേശി കാരയിൽ വീട്ടിൽ ഷെരീഫിന് (36) പരിക്കേറ്റു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.
ദേശീയപാതയിൽ അങ്കമാലി കോതകുളങ്ങരയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മീഡിയനിൽ കയറി വലതു ട്രാക്കിലെ കാറിൽ ഇടിക്കുകയായിരുന്നു. തൃശൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന അയ്യപ്പഭക്തരുടെ കാർ ആലുവ ഭാഗത്തുനിന്ന് വരുകയായിരുന്ന കാറിലാണ് ഇടിച്ചത്. അപകടത്തിൽ നാല് അയ്യപ്പ ഭക്തർ അടക്കം ആറുപേർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടു.
അങ്കമാലി - മഞ്ഞപ്ര റോഡിൽ കിടങ്ങൂർ കവലയിൽ ഉച്ചക്ക് 2.35ഓടെ കാറിൽ ഇടിച്ച ടോറസ് ലോറി റോഡരികിലെ കാനയിൽ വീണ് മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ കാർ ഭാഗികമായി തകർന്നു. കാർ യാത്രികരും ടോറസ് ലോറി ജീവനക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ദേശീയപാതയിലുണ്ടായ അപകടങ്ങളിൽ മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അങ്കമാലി അഗ്നിരക്ഷ സേന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർമാരായ പി.വി. പൗലോസ്, കെ.എം. അബ്ദുൽ നസീർ എന്നിവരുടെ നേതൃത്വത്തിൽ സേന അംഗങ്ങളായ ബെന്നി അഗസ്റ്റിൻ, പി.ആർ സജേഷ്, സൂരജ് മുരളി, എം.എസ്. സൂരജ്, ജയകുമാർ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
അപകടങ്ങളിൽ ആറുപേർക്ക് പരിക്ക്
ആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റു. മാളികംപീടിക - തിരുവാലൂർ റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.
മനക്കപ്പടി പുത്തൻപുരക്കൽ വൈശാലം വീട്ടിൽ രാജന്റെ മകൻ വിവേകിനാണ് (27) പരിക്കേറ്റത്.മാളികംപീടിക പെട്രോൾ പമ്പിന് സമീപം സ്കൂട്ടറിൽ ബൈക്കിടിച്ച് സ്കൂട്ടർ യാത്രികനായ വയലക്കാട് മുണ്ടോപാടത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദിന് (65) പരിക്കേറ്റു. കുഞ്ഞുമുഹമ്മദ് നിർത്തിയിട്ട സ്കൂട്ടറിൽ ഇരിക്കുമ്പോഴാണ് ബൈക്കിടിച്ചത്. യു.സി കോളജിന് സമീപം സ്കൂട്ടറിൽ ബൈക്കിടിച്ച് സ്കൂട്ടർ യാത്രികയായ മറിയപടി വേണാട് വീട്ടിൽ തർണിമിന് (23) പരിക്കേറ്റു.
ആലുവ ബൈപാസ് ജങ്ഷനിൽ ബൈക്കും കാറും കൂട്ടിമുട്ടി ബൈക്ക് യാത്രികരും ജെ.കെ.ബി മോട്ടോഴ്സ് ജീവനക്കാരുമായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. നെടുമ്പാശ്ശേരി അകപ്പറമ്പ് കുഞ്ഞിതേമാലി വീട്ടിൽ രാജന്റെ മകൻ കൃഷ്ണരാജ് (25), ആലങ്ങാട് നാഗേലിൽ വീട്ടിൽ വർഗീസിന്റെ മകൻ നിതിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്.
ആലങ്ങാട് കോട്ടപ്പുറം റോഡിലൂടെ കാൽനടയായി പോവുകയായിരുന്ന യുവാവിനും കാറിടിച്ച് പരിക്കേറ്റു. നീർക്കോട് കൂട്ടുപുരക്കൽ വീട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീജിത്തിനാണ് (27) പരിക്കേറ്റത്. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

