ഫോര്‍ട്ട്കൊച്ചി സുരക്ഷിത ഭക്ഷണ ഇടമാക്കും
text_fieldsഫോർട്ട്കൊച്ചി: പൈതൃക ടൂറിസം കേന്ദ്രമായ ഫോര്ട്ട്കൊച്ചിയെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ സമഗ്ര പദ്ധതിയൊരുങ്ങുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഫോർട്ട്കൊച്ചി ഗെസ്റ്റ് ഹൗസിൽ യോഗം ചേര്‍ന്നു.
ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷിത ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. കോര്‍പറേഷന്റെയും മറ്റ് വിഭാഗങ്ങളുടെയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക. ഇവിടത്തെ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷ പരിശീലനം നല്‍കും. എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷനോ ലൈസന്‍സോ ഉറപ്പുവരുത്തും. ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് ഉള്‍പ്പെടെ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടമായി ഫോര്‍ട്ട്കൊച്ചി മേഖലയില്‍ വരുന്ന ഹോട്ടലുകള്‍ റെസ്റ്റാറന്റുകള്‍ തുടങ്ങി ഭക്ഷ്യസ്ഥാപനങ്ങളുടെ സര്‍വേ നടത്തും. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണം, ടൂറിസം, പൊലീസ്, ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. കെ.ജെ. മാക്സി എം.എല്‍.എ, ഡെപ്യൂട്ടി ഭക്ഷ്യ സുരക്ഷ കമീഷണര്‍ ജേക്കബ് തോമസ് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

