വെള്ളപ്പൊക്കം; മൂവാറ്റുപുഴയിൽ 30 ലക്ഷം രൂപയുടെ കൃഷിനാശം
text_fieldsവെള്ളമിറങ്ങിയതിനെതുടർന്ന് മൂവാറ്റുപുഴ ഹോമിയോ ആശുപത്രി സന്നദ്ധപ്രവർത്തകർ ശുചീകരിക്കുന്നു
മൂവാറ്റുപുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാർഷിക മേഖലക്ക് 30 ലക്ഷം രൂപയുടെ കൃഷിനാശം. വാഴ, കപ്പ, നെൽകൃഷി എന്നിവക്കാണ് നാശമുണ്ടായത്. മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പരിധിയിൽ 29.19 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. മേഖലയിലെ 157 കർഷകരുടെ ഉപജീവനമാണ് പ്രതിസന്ധിയിലായത്.
ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടായത് വാഴക്കർഷകർക്കാണ്. കുലച്ചതും കുലക്കാത്തതുമായ പതിനായിരക്കണക്കിന് വാഴകളാണ് കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചത്. 110 കർഷകരുടെ വാഴകൾ നശിച്ചതിലൂടെ ആകെ 25.40 ലക്ഷം രൂപയുടെ നഷ്ടമാണ് വാഴക്കൃഷി മേഖലയിൽ മാത്രം രേഖപ്പെടുത്തിയത്.
നെൽകർഷകരെയും പ്രളയം രൂക്ഷമായി ബാധിച്ചു. രണ്ട് കർഷകരുടെ രണ്ട് ഹെക്ടർ പ്രധാന നെൽവയലുകളിലെ കൃഷി പൂർണമായും നശിച്ചതിലൂടെ 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കപ്പ കൃഷിയും, റബർ മരങ്ങളും നശിച്ചു. മരച്ചീനി കൃഷിയിൽ 39,000 രൂപയുടെയും റബർ മേഖലയിൽ 40,000 രൂപയുടെയും നഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രളയക്കെടുതിയിൽ വൻ നഷ്ടം നേരിട്ട കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യമാണുയരുന്നത്.
ചിലയിടങ്ങളിൽ വെള്ളമിറങ്ങി; ക്യാമ്പുകളിൽ കഴിഞ്ഞവർ വീടുകളിലേക്ക്
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ ജലനിരപ്പ് കുറഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം ഇറങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർ വീടുകളിലേക്കു മടങ്ങി. ഇലാഹിയ നഗർ, കാളച്ചന്ത, കിഴക്കേക്കര, രണ്ടാർ ഭാഗങ്ങളിലെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമെല്ലാം വെള്ളമിറങ്ങി. നഗരസഭയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കുന്ന ജോലികളും ആരംഭിച്ചു.
നഗരസഭ പരിധിയിൽ വിവിധ ഭാഗങ്ങളിലായി 80 വീടുകളിലാണ് വെള്ളം കയറിയത്. ഒട്ടേറെ സ്ഥാപനങ്ങളിലും വെള്ളം കയറി. ഇവിടങ്ങളിൽനിന്നെല്ലാം വെള്ളം ഇറങ്ങിയെങ്കിലും അടിഞ്ഞുകൂടിയ ചളിയും മറ്റും നീക്കം ചെയ്യുന്ന ജോലികൾ പല സ്ഥലങ്ങളിലും പൂർത്തിയായിട്ടില്ല. ഇതുൾക്കൊണ്ട് വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കാനും മാലിന്യവും ചളിയും നീക്കം ചെയ്യാനും നഗരസഭ കരുതൽ എന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമായും കൈകോർത്താണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കരകവിഞ്ഞ പുഴ കരയിൽ അവശേഷിപ്പിച്ച മാലിന്യങ്ങൾ നീക്കം ചെയ്യാൻ വരും ദിവസങ്ങളിൽ വലിയ തോതിലുള്ള ശുചീകരണ പ്രവർത്തനങ്ങളും നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

