പതിവ് തെറ്റിച്ച 'പ്രളയം'; കുരുക്കിലമർന്ന് നഗരം
text_fieldsകെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിൽ വെള്ളം കേറിയ നിലയിൽ
കൊച്ചി: ഏത് വഴി തിരിഞ്ഞാലും ഗതാഗതക്കുരുക്ക്. തിരക്കും കുരുക്കും കുറക്കാൻ കുറുക്കു വഴികളെ ആശ്രയിച്ചവർ മടങ്ങാൻ പോലും പറ്റാത്ത വിധം വെട്ടിലുമായി. സാഹസയാത്ര നടത്തി കരപറ്റിയവർ വിരളം. ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര തീർത്തും അസാധ്യമായിരുന്നു പലർക്കും.
ചൊവ്വാഴ്ചത്തെ കനത്ത മഴക്കിടയിൽ ജോലിക്കും മറ്റുമായി എറണാകുളം നഗരത്തിലേക്ക് തിരിച്ചവരുടെ അവസ്ഥയാണിത്. നഗരം ഇതുവരെ കണ്ടിട്ടില്ലാത്തിടത്തോളം വലിയ ദുരിതം അനുഭവിക്കാതെ ആർക്കും ലക്ഷ്യത്തിലെത്താനായില്ല.
മടങ്ങാനും. പരീക്ഷയെഴുതാൻ രാവിലെ ഇറങ്ങിത്തിരിച്ച വിദ്യാർഥികൾ ഇതിനിടയിൽ ഓണാഘോഷം കെങ്കേമമാക്കാൻ മലയാള വേഷം ധരിച്ചെത്തിയവരും. എല്ലാവരിലും പ്രതിഫലിച്ചത് നിരാശ. മഴ കനക്കും മുമ്പ് സ്കൂൾ ബസിൽ പുറപ്പെട്ടവർ വലിയ ബുദ്ധിമുട്ടില്ലാതെ എത്തി. മെട്രോയെ ആശ്രയിച്ചും ചില വിദ്യാർഥികൾ സ്കൂളുകളിലെത്തി.
എന്നാൽ, സ്വകാര്യ വാഹനങ്ങളിലും ബസുകളിലും തിരിച്ചവർ ഗതാഗതക്കുരുക്കിൽ കുടുങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് സ്കൂളുകളിലെത്തിയത്. മഴ കനത്തതോടെ ഇനി കുട്ടികളെ സ്കൂളിലേക്ക് വിടേണ്ടതില്ലെന്ന വാട്സ്ആപ് സന്ദേശങ്ങൾ പല സ്കൂളുകളിൽ നിന്നും അയച്ചതും പലർക്കും ഗുണമായി.
സ്കൂളിലെത്തിയവർക്കെല്ലാം പരീക്ഷ നടത്തിയെന്നും എത്താത്തവർക്ക് വേണ്ടി മറ്റൊരു ദിവസം നടത്തുമെന്നും എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂൾ പ്രിൻസിപ്പൽ ലതിക പണിക്കർ പറഞ്ഞു. സ്കൂളിലെത്തിയ വിദ്യാർഥികൾക്കായി പരീക്ഷ പതിവ് പോലെ കൃത്യ സമയത്ത് തുടങ്ങിയെങ്കിലും എത്ര വൈകിയെത്തിയവർക്കും ചോദ്യ പേപ്പർ നൽകി പരീക്ഷ എഴുതാൻ അനുവദിച്ചെന്ന് അവർ പറഞ്ഞു.
ഇതേ രീതി തന്നെയാണ് ചൊവ്വാഴ്ച എറണാകുളം നഗരത്തിലെ പല സ്കൂളുകളിലും സ്വീകരിച്ചത്. കനത്ത മഴ തോർന്ന ശേഷമാണ് ജോലിക്കാരായ പലരും വീട്ടിൽ നിന്നിറങ്ങിയത്. കനത്ത മഴയിൽ മുങ്ങിയാലും മഴയൊന്ന് ശമിച്ചാൽ ഒരു മണിക്കൂർ തികയും മുമ്പേ സാധാരണ നിലയിലെത്തുന്ന പതിവാണ് സാധാരണ കൊച്ചിയിലേത്.
ഈ പതിവ് പ്രതീക്ഷിച്ച് പുറത്തിറങ്ങിയവരെല്ലാം കുടുങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പതിവ് തെറ്റിച്ച് ഇത്തവണ വെള്ളം ഒരു തുള്ളി പോലും ഒഴുകിപ്പോവാതെ റോഡിൽ വീണിടത്ത് കിടന്നു. പതിവ് വഴികളിലൂടെ ഏറെ മുന്നോട്ട് പോയവർ ഇത്തരം വലിയ വെള്ളക്കെട്ടുകൾ കടക്കാൻ കഴിയാതെ പകച്ചുനിന്നു.
ആത്മവിശ്വാസത്തോടെ വെള്ളക്കെട്ട് കടക്കാൻ തുനിഞ്ഞ ചില ഇരുചക്ര വാഹനയാത്രികരും വാഹനത്തിന്‍റെ യന്ത്രം നിലച്ച് വെള്ളത്തിൽ കുടുങ്ങി. ഗാന്ധിനഗറടക്കം ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണും ഒടിഞ്ഞു വീണും ഗതാഗത തടസ്സമുണ്ടായി.
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡും പരിസരവും വെള്ളത്തിലായതിനാൽ ബസുകൾ സ്റ്റാൻഡിൽ കയറിയില്ല. മറ്റ് പലയിടങ്ങളിലായി ഇവ ട്രിപ്പവസാനിപ്പിച്ചു. വൈകുന്നേരമായിട്ടും നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് ഒഴിഞ്ഞിരുന്നില്ല.
ഓപറേഷൻ ബ്രേക് ത്രൂ: പുരോഗതി വിലയിരുത്തണം -ടി.ജെ. വിനോദ് എം.എൽ.എ
കൊച്ചി: ഓപറേഷൻ ബ്രേക് ത്രൂ പദ്ധതിയുടെ നടത്തിപ്പ് പുരോഗതി വിലയിരുത്താൻ സർക്കാർ തയാറാവണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. തുടർനടത്തിപ്പിനായി 10 കോടി സർക്കാർ അനുവദിച്ചിരുന്നു. മിന്നൽ പ്രളയം, അതിതീവ്ര മഴ എന്നൊക്കെ വിലയിരുത്താമെങ്കിലും വെള്ളപ്പൊക്കത്തിൽ കഷ്ടപ്പെടുന്നത് സാധാരണക്കാരാണ്. ജോലിക്ക് പോവുന്നവർ, കുട്ടികൾ, വീട്ടമ്മമാർ എന്നിവരൊക്കെ അനുഭവിക്കുന്ന ദുരിതം ഏറെയാണ്. 2019ൽ സമാനമായി വെള്ളം കയറിയപ്പോൾ ജില്ല കലക്ടറെ ചുമതലപ്പെടുത്തി നടപ്പാക്കിയ പദ്ധതിയായിരുന്നു ഓപറേഷൻ ബ്രേക്ക് ത്രൂ. ഉദ്യോഗസ്ഥതലത്തിലെ അലംഭാവമാണ് വിഷയം ഇത്രയും മോശമാക്കിയത്. ഈ അവസരത്തിലെങ്കിലും അടിയന്തരമായി സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് എം.എൽ.എ പറഞ്ഞു.
പദ്ധതി സർക്കാർ പ്രഖ്യാപിച്ചത് എറണാകുളം നഗരത്തോട് വളരെ ഗൗരവത്തോടെ സർക്കാർ ഇടപെടലിന്‍റെ തെളിവാണെന്ന് റവന്യൂ മന്ത്രി മറുപടി നൽകി. തുടർ നടത്തിപ്പിനായി വീണ്ടും 10കോടി അനുവദിച്ചിട്ടുണ്ട്. ജില്ല ഭരണകൂടത്തോട് അടിയന്തരമായി നടപടിയെടുക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

