പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: സി.പി.എം പ്രാദേശിക നേതാവിന് ജാമ്യം
text_fieldsകൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം അൻവറിന് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
പ്രധാന പ്രതികൾ നടത്തിയ ക്രമക്കേടിൽ ഹരജിക്കാരന് കൂടുതൽ പങ്കുള്ളതായി പ്രോസിക്യൂഷന് വാദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ് ജാമ്യം അനുവദിച്ചത്.
നിരപരാധിയാണെന്നും മുഖ്യപ്രതിയായ കലക്ടറേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദും മഹേഷ് എന്നയാളും ചേർന്ന് തന്നെ ബലിയാടാക്കുകയായിരുന്നെന്നുമാണ് ഇയാളുടെ വാദം. രണ്ടു ഘട്ടങ്ങളിലായി 10.5 ലക്ഷം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന അൻവർ, മുൻകൂർ ജാമ്യ ഹരജിയിലെ ഉത്തരവിനെ തുടർന്ന് കീഴടങ്ങി ജൂലൈ 24 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഒന്നും രണ്ടും പ്രതികളെ തട്ടിപ്പിന് സഹായിച്ചുവെന്ന ആരോപണമുയർത്തി ഹരജിക്കാരന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു.
എന്നാൽ, പൊതുപണമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അക്കൗണ്ടിലേക്ക് വന്ന പണം എടുത്ത് തട്ടിപ്പിനാണെന്നറിയാതെ പ്രധാന പ്രതികൾക്ക് ൈകമാറുകയായിരുന്നെന്നും ഹരജിക്കാരൻ വാദിച്ചു. കൂടുതൽ ക്രമക്കേട് നടത്തിയതായി പ്രോസിക്യൂഷന് വാദമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

