കാട്ടാനപ്പേടിയില്‍ കണ്ണിമംഗലം
text_fieldsമലയാറ്റൂര്‍: കാട്ടാനപ്പേടിയില്‍ കണ്ണിമംഗലം ഗ്രാമം. കണ്ണിമംഗലം-പ്ലാന്റേഷന്‍ റോഡില്‍ കാട്ടാനകള്‍ വീണ്ടും റോഡില്‍ ഇറങ്ങി ഗതാഗതം തടസ്സപ്പെടുത്തുന്നു. കടുകുളങ്ങര ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റയാന്‍ അടക്കം അഞ്ചോളം കാട്ടാനകള്‍ ഇറങ്ങിയത് പ്രദേശത്ത് ഭീതി പടര്‍ത്തി. സ്ത്രീകള്‍ അടക്കമുളളവര്‍ എറെ ഭീതിയോടെയാണ് ഇതുവഴി കടന്ന് പോകുന്നത്. ആന റോഡില്‍നിന്ന് അങ്ങോട്ടും ഇങ്ങോട്ടും മാറുന്ന സമയം നോക്കിയാണ് യാത്രക്കാരും വാഹനങ്ങളും കടന്ന് പോവുന്നത്.
അമലാപുരം, അയ്യമ്പുഴ, മണപ്പാട്ട്ചിറ ഭാഗങ്ങളില്‍ പോകുന്ന റോഡുകളില്‍ കാട്ടാന ശല്യം പതിവായി. ഒറ്റയാനും കുട്ടിയാനകള്‍ക്കും ഒപ്പം വരുന്ന ആനക്കൂട്ടങ്ങളും വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നതും പതിവായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പലരും വീടുകള്‍ ഉപേക്ഷിച്ച് മറ്റ് ഇടങ്ങളിലേക്ക് മാറിത്താമസിച്ച് തുടങ്ങി.
മോതിരക്കണ്ണി, മറിയാമ്മ കയറ്റം, പാണ്ടുപാറ, പാണ്ഡ്യന്‍ചിറ, തവളപ്പാറ, പട്ടിപാറ, ഇല്ലിത്തോട്, മുളംങ്കുഴി, കാലടി പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടങ്ങള്‍, എഴാറ്റുമുഖം, വെറ്റിലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ ആനകള്‍ ആക്രമണം നടത്തുന്നുണ്ട്. റോഡ് തടഞ്ഞ് നിൽക്കുന്ന ആനക്കൂട്ടങ്ങള്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുന്നുമുണ്ട്.
പരിസരവാസികള്‍ റോഡിന് ഇരുവശത്തുമുള്ള ഇല്ലിമരങ്ങളും കാടുകളും വെട്ടിത്തെളിച്ചെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയാണ്. ഈ ഭാഗങ്ങളില്‍ സോളാര്‍ വൈദ്യുതി വേലികള്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

