പൂട്ടിക്കിടന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ മോഷണം; അഞ്ച് സ്ത്രീകൾ അറസ്റ്റിൽ
text_fieldsപൊന്നി അമ്മു സെൽവി ജ്യോതി മിത്ര
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ കയറി ടെലിവിഷനും ഗൃഹോപകരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ അഞ്ച് സ്ത്രീകളെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ഗാന്ധിനഗർ സ്വദേശികളായ ജ്യോതി രാഘവൻ (25), മിത്ര ജസ്വിൻ (21), അമ്മു വിനോദ് (20), പൊന്നി അപ്പു (16), സെൽവി സുരേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. കണയന്നൂർ തഹസിൽദാർ കണ്ടുകെട്ടി പൂട്ടിയിട്ടിരുന്ന ബ്യൂമോണ്ട് ഹോട്ടലിലാണ് മോഷണം. മോഷണമുതലുകളുമായി പോകുന്ന പ്രതികളെ കണ്ട പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
വനിതാ പൊലീസുകാർ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. മോഷണ മുതൽ വിറ്റ സ്ഥാപനങ്ങളിൽനിന്നും പിടിച്ചെടുത്തു. എറണാകുളം എ.സി.പി കെ. ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, എസ്.ഐമാരായ വിപിൻ കുമാർ, തോമസ് പള്ളൻ, അരുൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രഭാകുമാരി, ഹേമ, മിനി, ലിബിഷ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കും.

