കുടിവെള്ളം മുടങ്ങിയിട്ട് അഞ്ചുദിനം; നാട്ടുകാർ റോഡ് ഉപരോധിച്ചു
text_fieldsകുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് നൂറോളം നാട്ടുകാർ എൻ.ജി.ഒ ക്വാർട്ടേഴ്സ്-ഇടപ്പള്ളി
റോഡ് ഉപരോധിച്ചപ്പോൾ
കാക്കനാട്: എൻ.ജി.ഒ ക്വാർട്ടേഴ്സ് പ്രദേശത്ത് അഞ്ചുദിവസമായി കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പ്രദേശത്തെ പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറോളം നാട്ടുകാർ എൻ.ജി.ഒ ക്വാർട്ടേഴ്സ്-ഇടപ്പള്ളി റോഡ് ഉപരോധിച്ചു. എൻ.ജി.ഒ ക്വാർട്ടേഴ്സ് ഉൾപ്പെടുന്ന ഈ പ്രദേശത്ത് ആയിരക്കണക്കിന് ജനങ്ങളാണ് കുടിവെള്ളമില്ലാതെ വലഞ്ഞത്. മെട്രോ റെയിൽ നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പ് പൊട്ടിയത് മൂലമാണ് ജലവിതരണം മുടങ്ങിയതെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ പലവട്ടം ഉദ്യോഗസ്ഥരെ വിളിച്ചിട്ടും യാതൊരുവിധ നടപടികളും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ എ.ഡി.എമ്മിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകീട്ട് എട്ടോടെ ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും ഇത് നടക്കാതെ വന്നപ്പോഴാണ് എട്ടരയോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നത്. പ്രതിഷേധത്തിനൊടുവിൽ വാട്ടർ അതോറിറ്റി ജീവനക്കാർ സ്ഥലത്തെത്തുകയും പ്രദേശത്തേക്കുള്ള പമ്പിങ് ശക്തമാക്കി രാത്രി പത്തോടെ ജലവിതരണം പുനഃസ്ഥാപിക്കുകയുമായിരുന്നു. തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ എ.കെ. സുധീറിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

