തണ്ണീർത്തടം നികത്തിയ അഞ്ചുപേർ പിടിയിൽ
text_fieldsവില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകിയ തണ്ണീർത്തടം മതിൽ കെട്ടി നികത്തുന്ന നിലയിൽ
പള്ളുരുത്തി: പരാതികളെ തുടർന്ന് സബ് കലക്ടർ സന്ദർശിക്കുകയും സ്ഥലം പൂർവസ്ഥിതിയിലാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്ത തണ്ണീർത്തടം നികത്തുന്നതിനിടെ ഇടക്കൊച്ചിയിൽ അഞ്ചുപേരെ പൊലീസ് പിടികൂടി. അനധികൃത ഭൂമി നികത്തിലിന് വില്ലേജ് ഓഫിസർ മൂന്ന് തവണ സ്റ്റോപ് മെമ്മോ നൽകിയ ഭൂമി നികത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.
രണ്ട് ആഴ്ച്ചകൾക്ക് മുമ്പ് പാതിനികത്തിയ തണ്ണീർത്തടം സബ് കലക്ടർ സന്ദർശിച്ചിരുന്നു. അനധികൃത ഭൂമി നികത്തലിന് വില്ലേജ് ഓഫിസറുടെ പരാതിയിൽ പള്ളുരുത്തി പൊലീസ് നേരത്തേ കേസെടുത്തിരുന്നു. ഇതിനിടെയാണ് ഭൂമി നികത്താൻ കരാർ ഏറ്റെടുത്തിരുന്ന ജോസഫ് ,ലിജിമോൻ ഇവരുടെ ജോലിക്കാർ ഉൾപ്പെടെ അഞ്ചുപേരെ നികത്തുന്നതിനിടെ പള്ളുരുത്തി പൊലീസ് പിടികൂടിയത്.
തണ്ണീർത്തടത്തിന് കുറുകെ മതിൽ കെട്ടിയാണ് നികത്തൽ നടത്തിയിരുന്നത്. ലോഡ് കണക്കിന് കെട്ടിടാവശിഷ്ടങ്ങളാണ് നികത്താൻ സമീപം കൂട്ടിയിട്ടുള്ളത്. ഫോർട്ട്കൊച്ചി സ്വദേശി സെബാസ്റ്റ്യൻ റോയിഡൻ ബർണാർഡ് എന്നയാളാണ് ഭൂമിയുടെ ഉടമ. വിദേശത്ത് താമസിക്കുന്ന ഇയാൾ ഭൂമി നികത്തി വിൽപന നടത്താൻ ജോസഫിന് കരാർ നൽകിയതായാണ് പറയപ്പെടുന്നത്. ഇതോടെയാണ് അനധികൃത നികത്ത് ആരംഭിച്ചത്. ഇടക്കൊച്ചി പൊതുശ്മശാനത്തിന് സമീപമാണ് വിവാദമായ ഭൂമി നികത്ത് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

