അഞ്ചര കിലോ കഞ്ചാവ് പിടികൂടിയ സംഭവം; രണ്ട് പേർ കൂടി പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
പള്ളുരുത്തി: ഇടക്കൊച്ചിയിൽ രണ്ടാഴ്ച മുമ്പ് അഞ്ചര കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ട് പ്രതികൾ കൂടി പള്ളുരുത്തി പൊലീസിന്റെ പിടിയിൽ. നേരത്തേ അറസ്റ്റ് ചെയ്ത പ്രതികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്നവരാണ് പിടിയിലായത്.
പെരുമ്പടപ്പ് പൈ റോഡ് കുരിശിങ്കൽ വീട്ടിൽ അഭിജിത്ത് (22), പെരുമ്പടപ്പ് എം.എ മാത്യൂ റോഡ് നടുവില തറ വീട്ടിൽ ദാവീദ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് പിടിച്ചതിനെ തുടർന്ന് വേളാങ്കണ്ണിയിലേക്ക് ഒളിവിൽ പോയ ഇവർ തിരികെ നാട്ടിലെത്തിയതറിഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു. കേസിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത ഒരാൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.
നേരത്തെ അറസ്റ്റിലായ പ്രായപൂർത്തിയായ രണ്ട് പേർ കാക്കനാട് ജയിലിലും പ്രായപൂർത്തിയാകാത്ത ആൾ ജുവനൈൽ ഹോമിലുമാണുള്ളത്. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഈ സംഭവത്തെ തുടർന്ന് നാട് വിട്ടിരിക്കുകയാണ്. കേസിൽ നിലവിൽ അഞ്ച് പേരെ പള്ളുരുത്തി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

