അനധികൃത പാർക്കിങ്: വകുപ്പ് ജീവനക്കാരനും പിഴയിട്ട്മോട്ടോർ വാഹന വകുപ്പ്
text_fieldsകാക്കനാട്: കുറുന്തോട്ടിക്കും വാതമോ എന്ന പഴഞ്ചൊല്ല് കേട്ടാൽ ചിരിക്കും. എന്നാൽ, എറണാകുളം ആർ.ടി.ഒ ഓഫിസ് ജീവനക്കാർ കട്ടക്കലിപ്പിലാകും. മോട്ടോർ വാഹന വകുപ്പ് ജീവനക്കാരനിൽനിന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർതന്നെ പിഴയീടാക്കിയതാണ് സംഭവം. എറണാകുളം ആർ.ടി.ഒ ഓഫിസിലെ സീനിയർ ക്ലർക്കിനാണ് ആർ.ടി.ഒ ഓഫിസിലെ വെഹിക്കിൾ ഇൻസ്പെക്ടർമാർ പിഴയിട്ടത്.
അനധികൃത പാർക്കിങ്ങിൽ വ്യാഴാഴ്ചയാണ് സംഭവം. കലക്ടറേറ്റിലാണ് ആർ.ടി.ഒ ഓഫിസ്. ഇവിടുത്തെ രണ്ട് കെട്ടിടങ്ങളുടെയും മധ്യത്തിലാണ് ജീവനക്കാർ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. ഇവിടെ സർക്കാർ വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്ത് പാർക്ക് ചെയ്തു എന്ന കുറ്റത്തിനാണ് മോട്ടോർ വാഹന വകുപ്പ് ജീവനക്കാരൻ ഉൾപ്പെടെ നിരവധി ജീവനക്കാരിൽനിന്ന് 250 രൂപ വീതം പിഴയീടാക്കിയത്. വിവിധ വകുപ്പുകളുടെ വാഹനങ്ങൾ എടുക്കാൻ കഴിയാത്ത വിധം പാർക്ക് ചെയ്തു എന്നാരോപിച്ചായിരുന്നു നടപടി. മുമ്പ് ഇവിടെ തന്നെയുള്ള വാട്ടർ ഹൈഡ്രന്റിന് മുന്നിൽ വാഹനംവെച്ചതിന് ഏതാനും പേർക്ക് പിഴയീടാക്കിയിട്ടുണ്ട്.
മഴ തുടങ്ങിയതോടെ നിരവധി ജീവനക്കാരാണ് ഇവിടെ മേൽക്കൂരയുള്ള ഭാഗത്ത് വാഹനങ്ങൾ വെക്കുന്നത്. അതേസമയം, സിവിൽ സ്റ്റേഷനിൽ മതിയായ പാർക്കിങ് സൗകര്യം ഇല്ലെന്ന് നേരത്തേ മുതൽ ആക്ഷേപമുണ്ട്. അതിനിടെ ജീവനക്കാർക്കെതിരെ നടപടി എടുത്തത് പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

