വിവാഹവാഗ്ദാനം നൽകി പണം തട്ടിയ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്
text_fieldsവൈപ്പിൻ: വിവാഹ വാഗ്ദാനം നൽകി ഓൺലൈൻ തട്ടിപ്പിലൂടെ യുവാവിന്റെ പക്കൽ നിന്ന് അരക്കോടിക്കടുത്ത് രൂപ തട്ടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കി പൊലീസ്.
സംഭവത്തിൽ നിലവിൽ ഒരാൾ മാത്രമാണ് അറസ്റ്റിലായിട്ടുള്ളതെങ്കിലും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും തട്ടിപ്പിന് പിന്നിൽ വിപുലമായ ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സൗഹൃദം സ്ഥാപിച്ച് എടവനക്കാട് സ്വദേശിയായ യുവാവിന്റെ പക്കൽ നിന്ന് മലപ്പുറം വേങ്ങര വൈദ്യർ വീട്ടിൽ മുജീബ് റഹ്മാൻ (45) എന്നയാൾ 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
പരാതിക്കാരന് മാട്രിമോണിയൽ പരസ്യം വഴിയാണ് വാട്സ് ആപ്പ് നമ്പർ കൈമാറി തട്ടിപ്പിന് ഇരയാക്കിയത്. യു.കെയിൽ ജോലി ചെയ്യുന്ന ബംഗളൂരു സ്വദേശി ആണെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച ‘യുവതി’ വിവാഹ വാഗ്ദാനവും നൽകി വിശ്വാസം ആർജ്ജിച്ചു. ക്രിപ്റ്റോ കറൻസി ട്രേഡിങ് ലാഭകരമാണെന്ന് യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. കുകൊയിൻ, ഡ്യൂൺ കോയിൻ ആപ്പുകൾ വഴി പണം നിക്ഷേപിപ്പിക്കുകയായിരുന്നു.
ഇത്തരത്തിൽ 2023 ഒക്ടോബർ മുതൽ 2024 ഫെബ്രുവരി വരെയുള്ള പല ദിവസങ്ങളിൽ കുകൊയിൻ സെല്ലർമാരിൽ നിന്ന് പരാതിക്കാരന്റെ ഫെഡറൽ ബാങ്കിലെ അക്കൗണ്ടിൽ നിന്നുള 7,44000 രൂപ മുടക്കി ക്രിപ്റ്റോ കറൻസി വാങ്ങിപ്പിച്ച് ഡ്യൂൺകൊയിൻ ട്രേഡിങ് ആപ്പിൽ നിക്ഷേപിപ്പിച്ചു. കസ്റ്റമർ കെയർ മുഖാന്തരം വിവിധ അക്കൗണ്ടുകളിലേക്കായി 2023 ഒക്ടോബർ ആറ് മുതൽ 2024 ഫെബ്രുവരി വരെ പല ദിവസങ്ങളിലായി പരാതിക്കാരന്റെ പേരിലുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നുമായി 32,93306 രൂപ അയപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
ഇത്രയും വലിയ തട്ടിപ്പിന് പിന്നിൽ ഒരാൾ മാത്രമാണോ ഉൾപ്പെട്ടിട്ടുള്ളത് എന്ന് നാട്ടുകാർക്കുള്ള സംശയം പൊലീസിനുമുണ്ട്. യുവതി ആണെന്നുള്ള നാട്യത്തിലാണ് തട്ടിപ്പ് നടത്തിയതെങ്കിലും ഇപ്പോൾ അറസ്റ്റിലായ ആൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണോ അത് ചെയ്തത് അല്ലെങ്കിൽ ശരിക്കും യുവതി ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേവലം വാട്സ്ആപ്പ് ചാറ്റുകൾ മാത്രം വഴി പരാതിക്കാരൻ ഇത്രയും കൂടുതൽ തുക കൈമാറാൻ സാധ്യതയില്ല എന്നാണ് പൊലീസ് കരുതുന്നത്. നേരിട്ടുള്ള ഫോൺ സംഭാഷണം ഇതിനായി നടത്തിയിട്ടുണ്ടാകാമെന്നും കരുതുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.