ട്രോളിങ് നിരോധനം അവസാനിച്ചു; ആദ്യദിനത്തിൽ പ്രതീക്ഷക്കൊത്ത് മത്സ്യം ലഭിച്ചില്ല
text_fieldsമട്ടാഞ്ചേരി: വറുതിയുടെ ദിനങ്ങളായിരുന്ന ട്രോളിങ് നിരോധന കാലയളവിനുശേഷം ഏറെ പ്രതീക്ഷകളോടെ കടലിലേക്കിറങ്ങിയ ബോട്ടുകൾക്ക് നിരാശ. ബോട്ടുകളിൽ മിതമായ തോതിൽ അയല കിട്ടിയെങ്കിലും പ്രതീക്ഷക്കൊത്ത് മത്സ്യം കിട്ടിയില്ല. ബോട്ടുകളിൽ ഏറിയ പങ്കും ഇനി തിരിച്ചുകയറാനുണ്ട്. 52 ദിവസം നീണ്ട ട്രോളിങ് നിരോധനം മത്സ്യബന്ധന മേഖലക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ഇതിൽനിന്ന് കരകയറുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ കടലിലേക്കിറങ്ങിയത്.
എന്നാൽ, ആദ്യദിനം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. സാധാരണ ഗതിയിൽ ട്രോളിങ് കഴിഞ്ഞ് കടലിലേക്കിറങ്ങുന്ന യാനങ്ങൾ വലനിറയെ കിളി, കരിക്കാടി ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളുമായാണ് മടങ്ങാറ്. പുറംകടലിൽ ഉണ്ടായ കാറ്റ് മത്സ്യ ബന്ധനത്തെ ബാധിച്ചെന്നാണ് തിരിച്ചെത്തിയ തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെത്തുടർന്ന് കടൽ ഇളകിയത് ഗുണംചെയ്യുമെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ കണക്കുകൂട്ടൽ.
വരുംദിവസങ്ങളിൽ നല്ലതോതിൽ മത്സ്യം ലഭിക്കുമെന്ന് തന്നെയാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വായ്പയെടുത്തും കടം വാങ്ങിയും ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്താണ് ഉടമകൾ യാനങ്ങൾ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

