ഒറ്റ രാത്രി കൊണ്ട് പുല്ലേപ്പടി പാലം നേരെയാക്കി...
text_fieldsഅറ്റകുറ്റപ്പണി നടത്തിയ പുല്ലേപ്പടി മേൽപാലം
കൊച്ചി: ബുധനാഴ്ച വൈകീട്ടുവരെ കുണ്ടും കുഴിയും നിറഞ്ഞ് വാഹനയാത്രികരുടെ നടുവൊടിക്കുന്ന പാലമായിരുന്നു എറണാകുളം പുല്ലേപ്പടി റെയിൽവേ മേൽപ്പാലം. ഒറ്റ രാത്രി കൊണ്ട് പാലത്തിലെ കുഴികൾ അടച്ചു, നേരെയാക്കി. ഇനി ഇരുചക്ര വാഹനയാത്രികർക്കുൾപ്പെടെ സമാധാനമായി പാലത്തിലൂടെ യാത്ര ചെയ്യാം.
പുല്ലേപ്പടി പാലം പൊട്ടിപ്പൊളിഞ്ഞ് തകർന്നുകിടക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച രാത്രി തന്നെ കരാറുകാരന്റെ ജോലിക്കാരെത്തി കുഴിമൂടിയത്. മെറ്റൽ മിശ്രിതമിട്ടാണ് താൽക്കാലികമായി കുഴിയടച്ച് റോഡ് നിരപ്പാക്കിയത്. നിലവിൽ താൽക്കാലികമായി കുഴിയടക്കുകയാണ് ചെയ്തിട്ടുള്ളതെങ്കിലും ബി.എം.ബി.സി നിലവാരത്തിൽ റീടാറിങ് വൈകാതെ നടക്കും.
ഇതിന് മുന്നോടിയായി താൽക്കാലിക കുഴിയടക്കൽ പ്രവൃത്തി വിലയിരുത്താനായി ഉന്നതസംഘം സ്ഥലത്തെത്തും. നിലവിൽ പാലം നവീകരണത്തിനായി 36 ലക്ഷം രൂപ ചെലവിട്ടുള്ള പദ്ധതിക്കായി ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്. പൊതുമരാമത്ത് (ബ്രിഡ്ജസ്) വിഭാഗത്തിനുകീഴിലാണ് പുല്ലേപ്പടി പാലം വരുന്നത്.
നിലവിൽ കുഴിമൂടൽ പ്രവൃത്തി താൽക്കാലിക ആശ്വാസമായിട്ടുണ്ടെങ്കിലും കനത്ത മഴ പെയ്ത് പഴയ സ്ഥിതിയിലാകും മുമ്പ് നവീകരണ പ്രവൃത്തി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എറണാകുളം ജങ്ഷനിൽ നിന്ന് പ്രധാന പാതയിലെ തിരക്കൊഴിവാക്കാൻ കാക്കനാട്, പാലാരിവട്ടം, വൈറ്റില, വെണ്ണല, തമ്മനം തുടങ്ങിയ മേഖലകളിലേക്ക് പോവാനായി നിത്യേന ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന തമ്മനം-പുല്ലേപ്പടി റോഡിലെ പ്രധാന പാലമാണ് പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിൽ കിടന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

