ഒന്നും ഓർമയില്ല; കലക്ടററേറ്റിന്റെ സുവർണ ജൂബിലി മറന്നതിന് പിന്നാലെ ജില്ലയുടെ പിറന്നാൾ ദിനവും മറന്ന് ജില്ലാഭരണകൂടം
text_fieldsകാക്കനാട്: സ്വപ്നതുല്യമായ വികസന കുതിപ്പിൽ മുന്നേറുമ്പോഴും ആറര പതിറ്റാണ്ട് എന്ന നാഴികക്കല്ല് പിന്നിട്ട് 67ലേക്ക് കടന്ന് കാരണവരായ എറണാകുളം ജില്ലയെ മറന്ന മട്ടാണ് ജില്ല ഭരണകൂടം.ഏപ്രിൽ ഒന്ന് വ്യാഴാഴ്ചയായിരുന്നു ജില്ല രൂപീകൃതമായതിന്റെ 67-ാം വാർഷികം. ഒരാഴ്ചയായിട്ടും ജില്ലയുടെ ജന്മദിനം പ്രധാനപ്പെട്ടവർ മറന്ന മട്ടാണ്. മെട്രോ റെയിൽ സർവിസ്, സി.എൻ.ജി ബസ് സർവിസ്, കുഴൽവഴി വീട്ടിൽ പാചകവാതകം, വാട്ടർ മെട്രോ, ഏറ്റവും കൂടുതൽ ഷോപ്പിങ് മാളുകൾ, രാജ്യാന്തര ഫുട്ബാളിന്റെയും ക്രിക്കറ്റിന്റെയും മടിത്തട്ട്, വിനോദ സഞ്ചാരം തൊഴിലും വരുമാനവുമായി വേഗത്തിൽ വളരുന്നു, ഐ.ടി മേഖലയായ ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി ഇങ്ങനെയെല്ലാം വികസന കുതിപ്പിൽ മുന്നേറുമ്പോഴും യുവത്വം കൈവിടാതെ ഊർജസ്വലമാണ് എറണാകുളം ജില്ല. ഔദ്യോഗികമായി ആഘോഷങ്ങൾ നടത്തിയില്ലെങ്കിലും വികസനത്തിരയിൽ എന്നും ആഘോഷത്തിലാണ് എറണാകുളം.
സംസ്ഥാനത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ തിളങ്ങി നിൽക്കുന്ന എറണാകുളത്തിന് അന്ന് എടുത്തുപറയാൻ പകിട്ടോ പ്രൗഢിയോ ഇല്ലായിരുന്നു. ആലപ്പുഴ ജില്ലക്കുവേണ്ടി കെ.ആർ. ഗൗരിയമ്മ നടത്തിയ നീക്കങ്ങളാണ് എറണാകുളം ജില്ലയുടെ രൂപവത്കരണത്തിന് വഴി തുറന്നത്. ഗൗരിയമ്മ ആലപ്പുഴക്ക് വേണ്ടി വാദിച്ചപ്പോൾ എന്തുകൊണ്ട് എറണാകുളം ജില്ല ആയിക്കൂടാ എന്ന ചിന്ത ഉടലെടുക്കുകയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടും ധനമന്ത്രി അച്യുതമേനോനും പുതിയ ജില്ലയുണ്ടാക്കുന്നതിന് എതിരല്ലായിരുന്നുവെങ്കിലും അതിനുവേണ്ട സാമ്പത്തിക ബാധ്യതയെപ്പറ്റി ആശങ്കയുണ്ടായിരുന്നു.
എന്തായാലും ആലപ്പുഴ ജില്ലയും എറണാകുളം ജില്ലയും രൂപവത്കരിച്ചുകൊണ്ട് സർക്കാർ ഉത്തരവാകുകയായിരുന്നു. പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് 1958 ഏപ്രിൽ ഒന്നിനാണ് എറണാകുളം ജില്ല രൂപീകൃതമായത്. തിരുവിതാംകൂർ രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ് പ്രധാനമായും ജില്ലക്ക് കീഴിൽ വന്നത്. ഇടുക്കി ജില്ല രൂപീകൃതമാകും മുമ്പ് തൊടുപുഴ താലൂക്കും എറണാകുളം ജില്ല പരിധിയിലായിരുന്നു. പറവൂർ, ആലുവ , കൊച്ചി, കണയന്നൂർ, മൂവാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലം എന്നിങ്ങനെ ഏഴ് താലൂക്കുകളായി ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോട് ചേർന്ന കാക്കനാടാണ് ജില്ലയുടെ ഭരണസിരാകേന്ദ്രം. കലക്ടറേറ്റ്, ജില്ല പഞ്ചായത്ത് കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

