‘എന്റെ കേരള’ത്തിന് തിരിതെളിഞ്ഞു ഇനി വർണാഭ ദിനരാത്രങ്ങൾ
text_fieldsമറൈൻഡ്രൈവിൽ തുടങ്ങിയ ‘എന്റെ കേരളം’ പ്രദർശന-വിപണന മേള ഉദ്ഘാടനം ചെയ്തശേഷം മേളയിലെ പാടത്തിന്റെ മാതൃക നോക്കിക്കാണുന്ന മന്ത്രി പി. രാജീവ്
കൊച്ചി: ഇൻഫർമേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ എന്റെ കേരളം ചിത്രീകരണം, വിനോദ സഞ്ചാര വകുപ്പിന്റെ ടൂറിസം നേര്‍ക്കാഴ്ചകള്‍, കിഫ്ബിയുടെ വികസന പ്രദര്‍ശനം, ടെക്നോ ഡെമോ ഏരിയ, ലൈവ് ആക്ടിവിറ്റി ഏരിയകള്‍, വിപുലമായ പുസ്തകമേള, ഹൈ ഫൈ സ്റ്റേജ്, കുട്ടികള്‍ക്ക് വേണ്ട ആക്ടിവിറ്റി സോണുകള്‍, സെമിനാറുകള്‍, സാംസ്കാരിക പരിപാടികള്‍... സംസ്ഥാന സർക്കാറിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ‘എന്റെ കേരളം’ മേളയിൽ ഒരുക്കിയ ആകർഷണങ്ങളാണിവയെല്ലാം. മേളയിലൂടെ ഇനി ഏഴ് ദിനരാത്രികൾ ആഘോഷങ്ങളുടെ നേർക്കാഴ്ചയാവുകയാണ്. വർണാഭ തുടക്കത്തോടെയാണ് മേളയുടെ ആദ്യദിനത്തിന് തുടക്കം കുറിച്ചത്.
മേയ് 23 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ വകുപ്പുകളുടെ 194 തീം-സര്‍വിസ് സ്റ്റാളുകളും 82 കോമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ശീതീകരിച്ച 276 ലധികം സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് വകുപ്പുകള്‍ക്കായി മിനി തിയറ്റര്‍ ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യമേള, വിവിധ ബാൻഡുകളുടെ സംഗീത നിശ, പൊലീസ് ഡോഗ് ഷോ, എ.ഐ പ്രദര്‍ശനവും ക്ലാസും, കാർഷികോല്പന്ന പ്രദര്‍ശനം തുടങ്ങിയവയുമുള്ള മേളയിൽ പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെയാണ് സമയക്രമം. പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
‘എന്റെ കേരള’ത്തിന് തിരിതെളിഞ്ഞു; ഇനി വർണാഭ ദിനരാത്രങ്ങൾ
മേളയിൽ ഞായറാഴ്ച സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാവിലെ 11ന് ‘ചേർത്തുപിടിക്കലിലൂടെ വികസനത്തിലേക്ക്’ എന്ന വിഷയത്തിൽ സംവാദവും ഹ്രസ്വചിത്ര പ്രദർശനവും നടക്കും. വൈകീട്ട് ഏഴിന് പിന്നണി ഗായകൻ അൻവർ സാദത്തും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ അരങ്ങേറും.
അഞ്ച് വീടുകളുടെ താക്കോൽ കൈമാറി
കൊച്ചി: കൊച്ചിയുടെ അതിവേഗത്തിലുള്ള മാറ്റം സംസ്ഥാന സർക്കാരിന്റെ നാടിനോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
മറൈൻഡ്രൈവിൽ ഒരുക്കിയ ‘എന്റെ കേരളം-മെഗാ പ്രദര്‍ശന വിപണന മേള’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉദ്ഘാടന ചടങ്ങിൽ ലൈഫ് മിഷൻ പദ്ധതി വഴി ഭവന നിർമാണം പൂർത്തിയാക്കിയ അഞ്ച് വീടിന്റെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി. ഭൂരഹിതരായ അഞ്ച് പേർക്ക് ലൈഫ് പദ്ധതിയിലൂടെ ലഭിച്ച ഭൂമിയുടെ ആധാരവും കൈമാറി. ഉദ്ഘാടന ചടങ്ങിൽ കെ.ജെ മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം.എൽ.എ, മേയർ എം. അനിൽ കുമാർ, ജില്ല കലക്ടർ എൻ.എസ്.കെ ഉമേഷ്, ഫോർട്ട് കൊച്ചി സബ് കലക്ടർ കെ. മീര, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ആർ ശ്രീജിത്ത്, എ.ഡി.എം വിനോദ് രാജ്, ഐ. ആൻഡ് പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ നിജാസ് ജ്യൂവൽ, ജില്ല ഇൻഫർമേഷൻ ഓഫിസർ എൻ.ബി. ബിജു, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് തുടങ്ങിയവർ പങ്കെടുത്തു.
താരമായി റോബോ ഡോഗ് ബെൻ
കൊച്ചി: വിളിച്ചാൽ ഓടി വരുന്ന, കൈനീട്ടിയാൽ ഷേക്ക് ഹാൻഡ് തരുന്ന ഒരു നായക്കുട്ടിയായിരുന്നു എന്റെ കേരളം പ്രദർശന വിപണന മേളയുടെ ആദ്യ ദിനം കീഴടക്കിയത്.
മേളയിൽ ഒരുക്കിയ റോബോ ടോയ് ഡോഗിനൊപ്പം കലക്ടർ
എൻ.എസ്.കെ. ഉമേഷ്
റോബോ ഇനത്തിലുള്ള ബെൻ എന്ന ഒന്നര വയസ്സുകാരൻ-ഒന്നാന്തരമൊരു റോബോട്ട് നായക്കുട്ടി.
എജ്യു ടെക് കമ്പനിയായ യുണീക് വേൾഡ് റോബോട്ടിക്സാണ് തരംഗമായിക്കൊണ്ടിരിക്കുന്ന ബെന്നിനെ മേളയിലെ സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാളിൽ എത്തിച്ചത്. ഒരു നായയുടെ എല്ലാവിധ അംഗവിക്ഷേപങ്ങളും ഒത്ത് ചേർന്ന ബെൻ സർവ സ്വാതന്ത്ര്യത്തോടെ വികൃതി കാണിച്ച് ഓടിനടക്കുന്ന കാഴ്ച ഏറെ കൗതുകകരമാണ്. ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യാൻ സഹായിക്കുന്ന ഡിസ്പെൻസർ റോബോട്ടുകളും മേളയെ ശ്രദ്ധേയമാക്കാനുണ്ട്.
വിവിധ തരം ഡ്രോണുകൾ മുതൽ അത്യാധുനിക ഹോളോഗ്രാം മെഷീൻ വരെ അണിനിരത്തിയാണ് സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

