വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; വിദ്യാഭ്യാസ കൺസൾട്ടൻസി ഉടമ പിടിയിൽ
text_fieldsകെ.എ. ജിബി
കാക്കനാട്: വിദേശരാജ്യങ്ങളിലേക്ക് ജോലിക്ക് കൊണ്ടുപോകുന്നതിനായി കേന്ദ്ര സർക്കാരിന്റെയോ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സിന്റെയോ യാതൊരുവിധ ലൈസൻസുമില്ലാതെ, ഉദ്യോഗാർഥികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങി തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പറവൂർ പരുവത്തുരുത്ത് കളരിത്തറ വീട്ടിൽ അന്തപ്പായിയുടെ മകൻ കെ.എ. ജിബി (39) ആണ് പിടിയിലായത്. വാഴക്കാല പടമുകൾ ഭാഗത്ത് പ്രവർത്തിക്കുന്ന ‘ഭീഷ്മാ എജ്യുക്കേഷണൽ സർവീസ് എൽ.എൽ.പി’ എന്ന സ്ഥാപനത്തെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് നടപടി.
പടമുകൾ ഹെവൻലി പ്ലാസ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ തൃക്കാക്കര സബ് ഇൻസ്പെക്ടർ വി.ബി. അനസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. ഉദ്യോഗാർഥികളുമായി ഒപ്പിട്ട കരാറുകൾ, പണം കൈപ്പറ്റിയ രസീതുകൾ, ഉദ്യോഗാർഥികളുടെ പാസ്‌പോർട്ടുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. 95ഓളം പേരെ വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് പ്രതിയും ഭാര്യ മെയ് മോളും ചേർന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ഉദ്യോഗാർഥികളിൽ നിന്നും സമാഹരിച്ച പണം ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ജോയ് ഓവർസീസ്’ എന്ന സ്ഥാപനത്തിലെ അജയ് കുണ്ടവരം, പ്രിൻസ് ലോഹ്യ എന്നിവർക്ക് കൈമാറിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഹൈദരാബാദിലെ സ്ഥാപനത്തിനും വിദേശത്തേക്ക് ആളുകളെ അയക്കാൻ നിയമപരമായ അധികാരമില്ലെന്ന് പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായും പണം കൈപ്പറ്റിയ ഹൈദരാബാദ് സ്വദേശികൾക്കായും അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

