ഇടപ്പള്ളി ഗുണ്ടാ ആക്രമണം മുൻവൈരാഗ്യം തീർക്കാൻ; കാപ്പ പ്രതികൾ പിടിയിൽ
text_fieldsഫൈസൽ, ലിബിൻ ലാലു, കണ്ണൻ
കാക്കനാട്: ഇടപ്പള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു പണം കവർന്ന സംഭവത്തിന് പിന്നിൽ പ്രതികളുമായുള്ള മുൻവൈരാഗ്യമെന്ന് പൊലീസ്. കേസിലെ പ്രധാന പ്രതിയായ വിടോബ ഫൈസലുമായി പരാതിക്കാരനുണ്ടായിരുന്ന സ്വരച്ചേർച്ചയില്ലായ്മയാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ വിവിധ ജില്ലകളിലെ കാപ്പ പ്രതികളായ അഞ്ചംഗ ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേരെ തൃക്കാക്കര പൊലീസ് പിടികൂടി.
കാപ്പ പ്രതികളായ കായംകുളം ചെറുകവിൾ കിഴക്കതിൽ ഫൈസൽ (32),കാക്കനാട് തെങ്ങോട് വലിയവീട്ടിൽ ലിബിൻ ലാലു (33),ആലപ്പുഴ മണ്ണഞ്ചേരി ഏറ്റുകണ്ടത്തിൽ മാട്ടകണ്ണൻ എന്നു വിളിക്കുന്ന കണ്ണൻ (33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പ്രതികളായ മാട്ടക്കണ്ണൻ, ലിബിൻ എന്നിവർ ചേരാനെല്ലൂരിലെ ആബ്രിസ് റസിഡൻസിയിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് സംഘം അവിടെയെത്തി. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ സമീപത്തെ ചതുപ്പിൽ ഒളിച്ചു. എന്നാൽ, ചതുപ്പിലിറങ്ങി പൊലീസ് സംഘം പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രധാന പ്രതി വിടോബ ഫൈസൽ ആലുവ ഭാഗത്തുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് അവിടെയെത്തിയപ്പോൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെയും പിന്തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ വിമോദ്, തൃക്കാക്കര എസ്.ഐ വി.ബി. അനസ്, പൊലീസുകാരായ ഗുജറാൾ, സുജിത്ത്, ഷിബു എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഏപ്രിൽ 22ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മുൻവൈരാഗ്യം മൂലം പരാതിക്കാരനെ ഫോണിൽ വിളിച്ച് വരുത്തിയ ശേഷം കാറിൽ തട്ടിക്കൊണ്ടുപോയി. കാറിലിട്ട് കഴുത്ത് ഞെരിക്കുകയും കത്തികൊണ്ട് തുടയിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് വിജനമായ ഗ്രൗണ്ടിലെത്തിച്ച് ക്രൂരമായി മർദിച്ച ശേഷം യുവാവിന്റെ പണവും കവർന്നു. മർദനമേറ്റ യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, വധശ്രമം, കവർച്ച തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

