കാക്കനാട്: പൊടിശല്യം രൂക്ഷമായതോടെ വലഞ്ഞ് പാലാരിവട്ടം -കാക്കനാട് ഭാഗത്തെ യാത്രക്കാരും നാട്ടുകാരും. ഗതാഗത നിയന്ത്രണത്തിന് സ്ഥാപിച്ച മീഡിയനുകൾ പൊളിച്ചതാണ് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കിയത്.
ഉയർന്ന നിലവാരത്തിൽ റോഡ് ടാർ ചെയ്യുന്നതിന് മുന്നോടിയായാണ് പാലാരിവട്ടം- കാക്കനാട് സിവിൽ ലൈൻ റോഡിലെ പൊളിച്ചത്. എന്നാൽ, ഈ ഭാഗത്ത് അടിഞ്ഞുകൂടിയ പൊടി മാറ്റാതിരുന്നതോടെയാണ് നാട്ടുകാർ ദുരിതത്തിലായത്. ചെമ്പുമുക്ക് വരെ പൊടി നീക്കിയിട്ടുണ്ട്. നീക്കംചെയ്യാത്ത വാഴക്കാല ഭാഗത്താണ് ശല്യം രൂക്ഷം.
ഒരടിയോളം കനത്തിലാണ് പ്രദേശത്ത് പൊടിപടലങ്ങൾ അടിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങൾ പോകുമ്പോൾ സമീപത്തെ കടകളിലേക്കും ഇത് വ്യാപിക്കുന്ന സാഹചര്യമാണ്. പൊടിശല്യം രൂക്ഷമായ സാഹചര്യത്തിൽ നഗരസഭ അധികൃതർ ഇടപെട്ട് കഴിഞ്ഞ ദിവസം ടാങ്കർലോറിയിൽ വെള്ളം തളിച്ചെങ്കിലും വെയിൽ കനത്തതോടെ പഴയസ്ഥിതിയായി. ഈ അവസ്ഥക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.