ലഹരിയിൽ പുകഞ്ഞ് ജില്ല..മയക്കുമരുന്ന് കടത്ത്: മൂന്ന് മാസത്തിനിടെ പിടിയിലായത് 451 പേർ
text_fieldsകൊച്ചി: ലഹരി പദാർഥങ്ങളുടെയും നിരോധിത പുകയില ഉൽപന്നങ്ങളുടെയും വ്യാപാരത്തിലും ഉപയോഗത്തിലും കൊച്ചി ഉൾപ്പെടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ ലഹരി മാഫിയയുടെ താവളമായി മാറുന്നു. ഈ വർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രം ജില്ലയിൽ നിന്ന് പിടികൂടിയ മയക്കുമരുന്നിന്‍റെയും ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെയും എണ്ണം വളരെ ഉയർന്നതാണ്. സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് എറണാകുളമാണ് ഇക്കാര്യത്തിൽ മുന്നിൽ. എക്സൈസിന്‍റെയും പൊലീസിന്‍റെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ലഹരി മാഫിയയുടെ വേരറുക്കാനുള്ള ശ്രമങ്ങൾ ഒരു പരിധി വരെ വിജയം കാണുന്നതാണ് പിടിയിലാകുന്ന പ്രതികളുടെയും പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കളുടെയും എണ്ണം വർധിക്കാൻ കാരണം. എന്നാൽ, നിയമത്തിന്‍റെ വല മുറിച്ച് മാഫിയ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നഗരം തന്നെ താവളം
കൊച്ചി നഗരത്തിലെ ചില ആഡംബര ഹോട്ടലുകളും ആളൊഴിഞ്ഞ വീടുകളും വിജനമായ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയയുടെ പല നീക്കങ്ങളും. ലഹരി കടത്തുന്നതിലും വ്യാപാരം നടത്തുന്നതിലുമടക്കം യുവാക്കളുടെയും വിദ്യാർഥികളുടെയും ഡോക്ടർമാരും സർക്കാർ ഉദ്യോഗസ്ഥരുമടക്കം ഉന്നതരുടെയും പങ്ക് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഹൈബ്രിഡ് കഞ്ചാവും കൊക്കയിനും മെത്താഫിറ്റമിനും എൽ.എസ്.എഡി സ്റ്റാമ്പുകളും എം.ഡി.എം.എയും എക്സ്റ്റസി ഗുളികകളും പോലുള്ള മാരക മയക്കുമരുന്നാണ് പലപ്പോഴും പരിശോധനകളിൽ പൊലീസും എക്സൈസും പിടികൂടുന്നത്. സിനിമ, ബിസിനസ് മേഖലകളിലുള്ളവർക്ക് കൊടുക്കാനായി എത്തിച്ചു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇത്തരം കേസുകളിൽ പിടിയിലാകുന്നവർ വെളിപ്പെടുത്തിയിട്ടുള്ളത്.
ചില സംഘങ്ങൾ ലഹരി കടത്തിനായി പെൺകുട്ടികളെയും അന്തർ സംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും വിദ്യാർഥികളെയും ഏജന്‍റുമാരായി ഉപയോഗിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെത്തുന്ന മാരക ലഹരിവസ്തുക്കളിൽ നല്ലൊരു ഭാഗവും വിദേശ രാജ്യങ്ങളിൽ നിന്നാണ്. കർണാടക, ഡൽഹി, ആന്ധ്രപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ലഹരി കൊച്ചിയിലേക്ക് ഒഴുകുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും കേന്ദ്രീകരിച്ചാണ് പലപ്പോഴും ലഹരി കടത്ത് നടക്കുന്നത്.
കേസുകൾ പെരുകുന്നു
അബ്കാരി, എൻ.ഡി.പി.എസ്, പുകയില ഉൽപന്ന നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഓരോ മാസവും ജില്ലയിൽ വർധിച്ചുവരുന്നു എന്നാണ് എക്സൈസ് വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ജില്ലയിൽ 370 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്യുകയും 352 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇവരിൽ നിന്ന് തൊണ്ടിയായി 16,840 രൂപയും പിടിച്ചെടുത്തു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഈ കാലയളവിൽ 451 പേരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് തൊണ്ടിയായി 4,64,810 രൂപ കണ്ടെടുക്കുകയുമുണ്ടായി. പൊതുസ്ഥലങ്ങളിലെ പുകവലി തടയുന്ന ‘കോട്പ’ നിയമപ്രകാരം 1527 കേസുകളാണ് മൂന്ന് മാസത്തിനിടെ രജിസ്റ്റർ ചെയ്തത്. 3,05,400 രൂപ പിഴ ചുമത്തുകയും 81 കിലോയിലധികം നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 207.37 കിലോ കഞ്ചാവും 56.37 ഗ്രാം ഹാഷിഷ് ഓയിലും 124.32 ഗ്രാം ഹെറോയിനും 365.70 ഗ്രം എം.ഡി.എം.എയും ജില്ലയിൽ നിന്ന് പിടിച്ചെടുത്തു.
പ്രതീക്ഷ ‘തൂഫാനി’ൽ
സംസ്ഥാനത്തെ ലഹരി വ്യാപനം തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച ‘ഓപറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ എന്ന പദ്ധതിയിലാണ് ഇനി പ്രതീക്ഷ. പദ്ധതിയുടെ ഭാഗമായി ലഹരിവ്യാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്‍റെ തീരുമാനം. ലഹരി ഉപയോഗിക്കുന്നവരെ പൂട്ടുന്നതിനൊപ്പം അവ എത്തുന്ന ഉറവിടങ്ങൾ കണ്ടെത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. സ്കൂൾ തുറക്കുന്ന ജൂൺ ഒന്നിനാണ് പദ്ധതിക്ക് തുടക്കമിടുന്നത്. സ്കൂളുകളും കോളജ് കാമ്പസുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനവും വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗവും ശക്തമാകുന്ന സാഹചര്യത്തിൽ ‘തൂഫാനെ’ ഏറെ പ്രതീക്ഷയോടെയാണ് പൊലീസും പൊതുജനങ്ങളും നോക്കിക്കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

