54 റേഷൻ കട പരിശോധിച്ചതിൽ 40ലും ക്രമക്കേട്; ഭക്ഷ്യവകുപ്പ് അധികൃതർ പരിശോധന ശക്തമാക്കി
text_fieldsമട്ടാഞ്ചേരി: റേഷൻ കരിഞ്ചന്തയെത്തുടർന്ന് നടക്കുന്ന പരിശോധനയിൽ 40 റേഷൻ കടയിൽ ക്രമക്കേട് കണ്ടെത്തി. 54 കട പരിശോധിച്ചപ്പോഴാണ് 40 എണ്ണത്തിൽ ക്രമക്കേട് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ കരിഞ്ചന്തക്ക് വെച്ച നൂറുകണക്കിന് റേഷൻ ധാന്യങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസ് നടപടി ശക്തമാക്കിയതിന് പിന്നാലെ ഭക്ഷ്യവകുപ്പും പരിശോധന കർശനമാക്കിയിരിക്കയാണ്. കൊച്ചി സിറ്റി റേഷനിങ് ഓഫിസിെൻറ പരിധിയിൽ പൊലീസ് നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ തോതിൽ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച റേഷൻ ധാന്യങ്ങൾ പിടികൂടിയിരുന്നു.
ഇതിന് പിന്നാലെയാണ് ജില്ല സപ്ലൈ ഓഫിസറുടെ നിർദേശ പ്രകാരം കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിലെ റേഷൻ കടകളിൽ ഭക്ഷ്യവകുപ്പ് അധികൃതർ പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ കടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇടവിട്ട ദിവസങ്ങളിൽ പരിശോധന തുടരുമെന്നും അറിയിച്ചു.
നേരത്തേ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് കേസിലായി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച 182 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടിയിരുന്നു. കേസിൽ ആറുപേർ അറസ്റ്റിലാകുകയും രണ്ട് റേഷൻ കടകളുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡും ചെയ്തിട്ടുണ്ട്.