പന്തൽ കാൽനാട്ട് കർമ്മം നിർവഹിച്ചത് ദിൽഷാദ്; മത മൈത്രിയുടെ സന്ദേശവുമായി ക്ഷേത്ര തിരുത്സവം
text_fieldsചെങ്ങമനാട് മഹാദേവർ ക്ഷേത്രത്തിലെ തിരുത്സവത്തിന്റെ മുന്നോടിയായി പന്തൽ കാൽനാട്ട് കർമ്മം സി.എസ്.ദിൽഷാദ് നിർവഹിക്കുന്നു
ചെങ്ങമനാട്: മഹാദേവർക്ഷേത്രത്തിലെ തിരുത്സവത്തിന് മുസ്ലിം സമുദായത്തിൽ നിന്നൊരാൾ പന്തൽ കാൽനാട്ട് കർമ്മം നിർവഹിച്ചത് മത മൈത്രിയുടെ പൊൻതൂവലായി. പ്രദേശവാസിയും, പന്തൽ നിർമാണ തൊഴിലാളിയുമായ ചെങ്ങമനാട് പഞ്ചായത്തിലെ രണ്ടാംവാർഡ് ചേന്നോത്ത് വീട്ടിൽ സി.എസ് ദിൽഷാദാണ് കാൽനാട്ട് കർമ്മം നിർവഹിച്ചത്.
ക്ഷേത്ര മേൽശാന്തി അജിത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷമാണ് കാലങ്ങളായി ചെങ്ങമനാട് മഹാദേവ ക്ഷേത്രത്തിൽ പന്തൽ പണികൾ ചെയ്തുകൊണ്ടിരിക്കുന്ന ദിൽഷാദ് നൂറ്റാണ്ടുകൾ പഴക്കമുള്ള കേരളത്തിലെ പ്രധാന ശിവക്ഷേത്രമായ ചെങ്ങമനാട് മഹാദേവ ക്ഷേത്രത്തിലെ ഇത്തവണത്തെ തിരുവുത്സവത്തിന് മത സൗഹാർദത്തിന്റെ മാതൃകയായി പന്തൽ കാൽനാട്ട് കർമ്മം നിർവഹിച്ചത്.
ക്ഷേത്രം മാനേജർ കൃഷ്ണകുമാറിൻ്റെയും ക്ഷേത്ര ഭരണസഹായ സമിതി ഭാരവാഹികളുടെയും, ഭക്തജനങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ദിൽഷാദിനെയും, പന്തൽ ജോലിയുടെ കരാറുകാരായ ബിനുവിനെയും ഷിജുവിനെയും ദേവസ്വം അധികൃതരും, ക്ഷേത്ര കമ്മിറ്റിയും പൊന്നാടയണിയിച്ചാദരിക്കുകയും ചെയ്തു.
ദിൽഷാദിനെ ക്ഷേത്രം ഭരണ സമിതി ഭാരവാഹികൾ ആദരിച്ചപ്പോൾ
ഡിസംബർ 18ന് ഉത്സവം കൊടിയേറി 27ന് ആറോട്ടോടെയായിരിക്കും സമാപിക്കുക. എല്ലാ ദിവസവും ക്ഷേത്രത്തിനകത്തും പുറത്തും കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഒൻപത്, 10 ദിനങ്ങളിൽ അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയായിരിക്കും ഭഗവാൻ്റെ എഴുന്നൊള്ളിപ്പ്.
ആറാട്ട് ദിനം ചെങ്ങമനാട് ജങ്ഷനിൽ അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ പഞ്ചവാദ്യവും അരങ്ങേറും. കൊടിയേറ്റ് ദിവസം മുതൽ ആറാട്ട് വരെ എല്ലാ ദിവസവും പ്രസാദ ഊട്ടുമുണ്ടായിരിക്കും. കഥകളി, കുറത്തിയാട്ടം, ഭരതനാട്യം, ചാക്യാർകൂത്ത്, കോൽ തിരുവാതിര, നൃത്ത നിശ, നാടൻപാട്ട്, തിരുവാതിരകളി, നൃത്താഞ്ജലി, നാടകം, ഭക്തിഗാനമേള, സംഗീത നാടകം, ഗാനമേള, ഓട്ടൻതുള്ളൽ തുടങ്ങിയവയായിരിക്കും സുപ്രധാന പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

