ഫലസ്തീൻ ജനതയുടെ ചരിത്രപരമായ അവകാശം നിഷേധിക്കുന്നു -ഹൈബി ഈഡൻ എം.പി
text_fieldsകൊച്ചി താലൂക്ക് സെൻട്രൽ ജമാഅത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ഫലസ്തീൻ
ഐക്യദാർഢ്യ സദസ്സ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
മട്ടാഞ്ചേരി: ഫലസ്തീൻ ജനതയുടെ ചരിത്രപരമായ അവകാശം നിഷേധിക്കുകയാണെന്ന് ഹൈബി ഈഡൻ എം.പി. മനുഷ്യ മനഃസാക്ഷിക്ക് അംഗീകരിക്കാനാവാത്തവിധം ഏകപക്ഷീയമായി യുദ്ധംനടത്തി ഫലസ്തീൻ ജനതയെ അഭയാർഥികളാക്കുന്ന രീതിയാണ് നടക്കുന്നതെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി താലൂക്ക് സെൻട്രൽ ജമാഅത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താലൂക്ക് ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് പി.എച്ച്. നാസർ അധ്യക്ഷത വഹിച്ചു. ലോകംകണ്ട ഏറ്റവും വലിയ ചതിയുടെ ദാരുണമായ വർത്തമാന കാലഘട്ടമാണ് ഇന്ന് ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ല ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് ടി.എ. അഹമ്മദ് കബീർ പറഞ്ഞു. നിരപരാധികളായ ജനത ഒരു നൂറ്റാണ്ടായി നടത്തിവരുന്ന സമരമാണ് ഫലസ്തീനിലേതെന്നും അമേരിക്ക, ബ്രിട്ടൺ സഖ്യകക്ഷികളുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് സെൻട്രൽ ജമാഅത്ത് കൗൺസിൽ സെക്രട്ടറി സി.എ. ഫൈസൽ, നഗരസഭ സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷറഫ്, സിദ്ദീഖ് നിസാമി, എൻ.കെ. നാസർ, പി.എ. അബ്ദുൽ ഖാദർ, റഫീക്ക് നൈന, അക്ബർ ബാദ്ഷ, പി.എം. നൗഷാദ്, പി.എ. അബ്ദുൽ ഖാദർ മുസ്ലിയാർ എന്നിവർ സംസാരിച്ചു.
പുതിയ റോഡ് ജങ്ഷനിൽ നിന്നാരംഭിച്ച ഐക്യദാർഢ്യ റാലി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെ വെള്ളരി പ്രാവിനെ പറത്തിയാണ് റാലി ആരംഭിച്ചത്. നൂറുകണക്കിനാളുകൾ റാലിയിൽ അണിനിരന്നു. ബിലാൽ മസ്ജിദ് ഖതീബ് സിറാജുദ്ദീൻ ഉമരി, കൗൺസിലർമാരായ പി.എം. ഇസ്മുദ്ദീൻ, കെ.എ. മനാഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

