മുക്കുപണ്ടം പണയംെവച്ച് തട്ടിപ്പ്: പ്രതികൾ പിടിയിൽ
text_fieldsകെ.എം. സലീം, കെ.എ. സലീം
കാക്കനാട്: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേരെ തൃക്കാക്കര പൊലീസ് പിടികൂടി. കിഴക്കമ്പലം ചൂരക്കോട് കുഴുപ്പിള്ളി വീട്ടില്‍ കെ.എ. സലീം (42), പട്ടിമറ്റം ഡബിള്‍ പാലത്തിന് സമീപം കുഴുപ്പിള്ളി വീട്ടില്‍ കെ.എം. സലീം (42) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഇരുവരും ബന്ധുക്കളാണ്.
കാലാവധി കഴിഞ്ഞിട്ടും പണയംവച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ സാധിക്കുന്നില്ലെന്നും സാമ്പത്തികമായി സഹായിക്കണമെന്നുമാവശ്യപ്പെട്ട് ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തുന്നത്.
പള്ളിക്കരയിലെ സ്വര്‍ണപ്പണിക്കാരനും ചെറുകിട ജ്വല്ലറി ഉടമയുമായി ഷാജിയെ കബളിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികള്‍ കുടുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കര സി.ഐ ആര്‍. ഷാബു, എസ്.ഐമാരായ എന്‍.ഐ. റഫീക്ക്, റോയ് കെ. പുന്നൂസ്, സി.പി.ഒ ഷജീര്‍ എന്നിവര്‍ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.