തൃക്കാക്കരയിലെ തോൽവി: ആർക്കെതിരെയും നടപടിയില്ല
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സി.പി.എം ജില്ല നേതൃത്വത്തിന് സംഭവിച്ച വീഴ്ചയിൽ ആർക്കെതിരെയും നടപടിയില്ല. തൃക്കാക്കരയിൽ ചില ദുഷ്പ്രവണതകൾ കണ്ടെന്നും ഇത് ആവർത്തിക്കരുതെന്നും വ്യാഴാഴ്ച നടന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. തൃക്കാക്കരയിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ പാർട്ടി നിയോഗിച്ച അന്വേഷണ കമീഷനിലെ അംഗങ്ങളായ എ.കെ. ബാലനും ടി.പി. രാമകൃഷ്ണനും സമർപ്പിച്ച റിപ്പോർട്ട് വിശദമായി ചർച്ച ചെയ്ത യോഗം ആർക്കെതിരെയും നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന ഇ.പി. ജയരാജൻ അന്വേഷണ കമീഷനുമായി സഹകരിച്ചില്ലെന്ന് റിപ്പോർട്ടിൽ വിമർശനമുണ്ട്. സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്നായിരുന്നു കമീഷന്‍റെ പ്രധാന കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ പാർട്ടിയും മുന്നണിയും പരാജയപ്പെട്ടു.
പാർട്ടി വോട്ടുകൾപോലും ചോരാൻ ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിൽ ജില്ല നേതൃത്വത്തിനെതിരെയും ചില സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കെതിരെയും പരാർമശങ്ങളുണ്ട്. ആദ്യം ഒരു സ്ഥാനാർഥിയുടെ പേരിൽ ചുവരെഴുത്ത് നടത്തുകയും പിന്നീട് മറ്റൊരാളെ വൈദികരുടെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കുകയും ചെയ്തത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കി. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനനും പി. രാജീവും വ്യത്യസ്ത സ്ഥാനാർഥികൾക്ക് വേണ്ടി നിലകൊണ്ടതും കമീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, റിപ്പോർട്ടിൽ ആർക്കെതിരെയും നടപടി ശിപാർശ ചെയ്തിരുന്നില്ല. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് നടപടി വേണ്ടെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. കൂടുതൽ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന സന്ദേശമാണ് എം.വി. ഗോവിന്ദൻ നൽകിയത്. കമീഷന്‍ അംഗങ്ങളായ എ.കെ. ബാലനും ടി.പി. രാമകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

