Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുന്നറിയിപ്പുകൾ...

മുന്നറിയിപ്പുകൾ മറികടന്ന് മരണത്തിലേക്ക്; പലവൻപുഴയിൽ ഇതുവരെ പൊലിഞ്ഞത് 22 ജീവനുകൾ

text_fields
bookmark_border
മുന്നറിയിപ്പുകൾ മറികടന്ന് മരണത്തിലേക്ക്; പലവൻപുഴയിൽ ഇതുവരെ പൊലിഞ്ഞത് 22 ജീവനുകൾ
cancel
camera_alt

വടാട്ടുപാറ പലവൻ പുഴയിൽ വിദ്യാർഥികൾ മുങ്ങിമരിച്ചതറിഞ്ഞ് എത്തിയവർ

കോതമംഗലം: മുന്നറിയിപ്പുകളും വേലികളും മറികടന്ന് പലവൻ പുഴയിൽ മരണത്തിലേക്ക് മുങ്ങി താഴ്ന്ന് മൂന്ന് ജീവനുകൾ കൂടി. കുട്ടമ്പുഴ പഞ്ചായത്തും വനം വകുപ്പും സ്ഥാപിച്ച ബോർഡുകളിലെ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് ഞായറാഴ്ച മൂന്നു പേരുടെ കൂടി ജീവൻ ഇവിടെ പൊലിയാൻ ഇടയാക്കിയത്.

ഞായറാഴ്ച മൂന്നു ജീവനുകൾ കൂടി പുഴ അപഹരിച്ചതോടെ നിലവിൽ 22 പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞിരിക്കുന്നത്. 2025 ഏപ്രിൽ മൂന്നിന് എടത്തല സ്വദേശികളായ ബന്ധുക്കളായ രണ്ടുപേരാണ് ഇതിന് മുമ്പ് അപകടത്തിൽപ്പെട്ടത്. ഇവിടെ മരണസംഖ്യ സൂചിപ്പിക്കുന്ന ഫലകം കാട്ടാനകൾ നശിപ്പിച്ച ശേഷം ആഴമുള്ള പുഴയാണെന്നും അപകടമേഖലയാണെന്നുമുള്ള മുന്നറിയിപ്പ് ബോർഡുകൾ മാത്രമാണുള്ളത്.

ഇവിടെ എത്തുന്ന മിക്കവരും മുന്നറിയിപ്പ് അവഗണിക്കാറാണ് പതിവ്. പുഴയിലേക്ക് പോകുന്നവരോട് വെള്ളത്തിൽ ഇറങ്ങുന്നത് അപകടത്തിലേക്കുള്ള പോക്കാണെന്ന് നാട്ടുകാർ പറയുമെങ്കിലും ആരും കാര്യമായി എടുക്കാറില്ല. നീണ്ട മണൽതിട്ടകളും തെളിഞ്ഞ വെള്ളവും കാണുമ്പോൾ പുഴയിൽ ഇറങ്ങാനുള്ള ആഗ്രഹവും കലശലാകും.

സൗഹൃദങ്ങളുടെ സമ്മർദവും കൂടിയാകുന്നതോടെ വെള്ളത്തിലിറങ്ങും. പിന്നെ അപകടത്തിലേക്ക് താഴ്ന്ന് പോവുകയും ചെയ്യും. പുഴയുടെ ആഴവും പരപ്പും മനസ്സിലാക്കുന്നതിൽ സഞ്ചാരികൾ പരാജയപ്പെടുന്നതാണ് അപകടത്തിലേക്ക് വഴി തുറക്കുന്നത്. ഞായറാഴ്ച അവധി ദിനം ആഘോഷിക്കാനാണ് കോതമംഗലം ബസേലിയോസ് ദന്തൽ കോളജിലെ മൂന്നാം വർഷ ബി.ഡി.എസ് വിദ്യാർഥികളായ ഒമ്പതംഗ സംഘം പലവൻ പുഴയിലെത്തിയത്. ആഹ്ലാദാരവങ്ങൾ ഒരു മണിക്കൂറിന് ശേഷം വിലാപങ്ങളായി മാറുകയായിരുന്നു.

കോതമംഗലം അഗ്നിരക്ഷാസേന നിലയത്തിലെ സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് സിദ്ദീഖ് ഇസ്മാഈലിന്‍റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സൽമാൻ ഖാൻ, വി.ജെ. ലൈജു, നന്ദു കൃഷ്ണൻ, വി.എം. ഷാജി, പി.കെ. ശ്രീജിത്ത്, പി.പി. ഷാജു, വി.എച്ച്. അജ്നാസ്, എം.എ. അംജിത്ത്, കെ.യു. സുധീഷ് എന്നിവർ ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ എത്തിയ ശേഷം തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കൈമാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsDrowned deatheranakulam news
News Summary - Deaths due to ignoring warnings; 22 lives lost in Palavanpuzha so far
Next Story