ജലവിതരണം നിലച്ചിട്ട് ദിവസങ്ങൾ; കിഴക്കേ കടുങ്ങല്ലൂരിൽ ജനം ദുരിതത്തിൽ
text_fieldsകടുങ്ങല്ലൂർ: കിഴക്കേ കടുങ്ങല്ലൂരിൽ കുടിവെള്ളക്ഷാമം രൂക്ഷം. ശുദ്ധജലവിതരണം മുടങ്ങിയിട്ട് മൂന്ന് ദിവസമായി. ഇതോടെ ജനം ദുരിതത്തിലായിരിക്കുകയാണ്.
എന്നാൽ, ഇക്കാര്യത്തിൽ പരിഹാരം കാണാൻ ജലഅതോറിറ്റിയും പഞ്ചായത്ത് അധികൃതരും തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കിഴക്കെ കടുങ്ങല്ലൂർ-ഏലൂക്കര റോഡ്, മുല്ലേപ്പിള്ളി റോഡ്, ക്ഷേത്രപരിസരം എന്നിവിടങ്ങളിലാണ് മൂന്ന് ദിവസമായി കുടിവെള്ള വിതരണം നിലച്ചിരിക്കുന്നത്. മുൻകൂട്ടി അറിയിക്കാതെയാണ് ജലവിതരണം നിലച്ചിരിക്കുന്നത്. അതിനാൽ വെള്ളം ശേഖരിച്ചുവെക്കാൻപോലും സാധിച്ചില്ലെന്ന് വീട്ടുകാർ പറയുന്നു.
ഈ പ്രദേശത്ത് ബഹുഭൂരിപക്ഷം വീടുകളിലും പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്. ജലജീവൻ പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നാഴ്ചയോളം പഞ്ചായത്തിലാകെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധം കനത്തപ്പോൾ കലക്ടർ നേരിട്ടെത്തി പ്രശ്നം വിലയിരുത്തിയിരുന്നു. ഇതേതുടർന്ന് കൂടുതൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചു. അധികം താമസിയാതെ പൈപ്പുകളിലൂടെ വെള്ളം വിതരണം ചെയ്തു.
പിന്നാലെയാണ് ഇപ്പോൾ കിഴക്കേ കടുങ്ങല്ലൂർ പ്രദേശത്ത് മൂന്ന് ദിവസമായി ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നത്. പലരും അമിതവില നൽകി പുറത്തുനിന്ന് കുടിവെള്ളം വാങ്ങിക്കുകയാണ്. ജല അതോറിറ്റി മുപ്പത്തടം ഓഫിസിലെ ടെലിഫോൺ നാളുകളായി പ്രവർത്തനരഹിതമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതുമൂലം ഓഫിസിൽ വിളിച്ച് പരാതി പറയാനും കഴിയുന്നില്ല. ഉദ്യോഗസ്ഥരെ വിളിച്ചാൽ പലപ്പോഴും ഇവർ ഫോൺ എടുക്കാറില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
കിഴക്കേ കടുങ്ങല്ലൂർ പ്രദേശത്ത് ജലവിതരണം പുനരാരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീകുമാർ മുല്ലേപ്പിള്ളി അധികൃതരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

