നീറിക്കോട്ട് പട്ടാപ്പകൽ കവർച്ച; വീട് കുത്തിത്തുറന്ന് എട്ടരപ്പവൻ കവർന്നു
text_fieldsനീറിക്കോട് വീടിന്റെ വാതിൽ കുത്തിത്തുറക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയ പ്രതി പൊലീസ് കസ്റ്റഡിയിൽ
ആലങ്ങാട്: നീറിക്കോട് നിവാസികളെ ഭീതിയിലാക്കി അന്തർസംസ്ഥാനക്കാരായ മോഷ്ടാക്കൾ വീട് കുത്തിത്തുറന്ന് എട്ട് പവൻ സ്വർണവും 800 രൂപയും കവർന്നു. മറ്റൊരു വീട്ടിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടെ നാട്ടുകാർ ഇതേ സംഘത്തിലെ ഒരാളെ പിടികൂടി. നീറിക്കോട് സെന്റ് സെബാസ്റ്റ്യൻ റോഡ് കുന്നത്ത് ജൂഡിയുടെ വീടിന്റെ പിന്നിലെ വാതിൽ പൊളിച്ച് അകത്തുകയറിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്.
മൂവരും പൊലീസ് പിടിയിലാണ്. അസം സോണിക്പൂർ സ്വദേശികളായ സദ്ദാം ഹുസൈൻ (21), ജമാൽ (26), അജിബൂർ (25) എന്നിവരാണ് ആലങ്ങാട് വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണ് ജൂഡിയുടെ വീട്ടിലെ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന മാതാവിന്റെ താലിമാല, മൂന്ന് വള, ഒരുജോടി കമ്മൽ അടക്കം 8.5 പവൻ സ്വർണാഭരണങ്ങളും 800 രൂപയും മോഷ്ടിച്ചത്.
വീട്ടുകാർ കൂനമാവിൽ മരണ ആവശ്യത്തിനു പോയ സമയത്തായിരുന്നു കവർച്ച. തുടർന്ന് ഇവർ ആലങ്ങാട് നീറിക്കോട് പീടികപ്പടി കൈതാരൻ ആന്റണിയുടെ വീട്ടിൽ മോഷണശ്രമം നടത്തുന്നതിനിടയിൽ ശബ്ദം കേട്ട് നോക്കിയ അയൽവാസി പുഷ്കരൻ മോഷ്ടാക്കളെ കണ്ടു. ആന്റണിയും കുടുംബവും ഗോവയിൽ വിനോദയാത്രയിലാണ്. പുഷ്കരൻ തനിച്ചാണ് കവർച്ച സംഘത്തെ ഓടിച്ചിട്ടത്.
മൂന്നംഗ സംഘത്തിലെ രണ്ടുപേർ കടന്നുകളഞ്ഞെങ്കിലും സംഘത്തിലുള്ള സദ്ദാമിനെ പിടികൂടുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. പൊലീസ് കസ്റ്റഡിയിലെടുത്ത സദ്ദാമിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രണ്ടുപേരെ വരാപ്പുഴ മൂലമ്പിള്ളി പാലത്തിന്റെ അടിയിൽനിന്ന് ഇൻസ്പെക്ടർ പി.പി. ജസ്റ്റിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

