കൊച്ചി: അർധരാത്രി എറണാകുളം മറൈൻ ഡ്രൈവിൽ കട്ടിങ് ബ്ലേഡ് ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ച സംഭവത്തിലെ പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമാലി കല്ലുവീട്ടിൽ അലനാണ് (അലി -29) അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം. മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ട പ്രതിക്ക് ഇത് നൽകാത്തതിനെത്തുടർന്നാണ് ഫോർട്ട്കൊച്ചി സ്വദേശി ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിൽ ഫോർട്ട്കൊച്ചി സ്വദേശിയുടെ നെഞ്ചിലും ഗുരുതര മുറിവേറ്റിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. എറണാകുളം എ.സി.പി കെ. ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, എസ്.ഐമാരായ വിപിൻ കുമാർ, തോമസ് പള്ളൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, റെജി, അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ്, ഇസഹാക് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.