ലോക്കൽ സമ്മേളനം: കടുങ്ങല്ലൂരിൽ സി.പി.എമ്മിൽ പോര് മുറുകുന്നു
text_fieldsകടുങ്ങല്ലൂർ: ലോക്കൽ സമ്മേളനം നിർത്തി വെക്കേണ്ടി വന്നതടക്കമുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂരിൽ സി.പി.എമ്മിൽ പോര് മുറുകുന്നു. 16 ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നത് 13 ആക്കി മാറ്റാൻ തീരുമാനിച്ചതാണ് പോരിന് ആക്കം കൂട്ടിയത്.
നേതൃത്വത്തിന് താൽപര്യമില്ലാത്തവരെ ഒഴിവാക്കാനാണ് എണ്ണം കുറക്കുന്നതെന്നാണ് ആക്ഷേപം. ജനകീയരായ പ്രവർത്തകരെ ഒഴിവാക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.പി.സുകുമാരൻ, എ.കെ. ശിവൻ, അബ്ദുൽ ഹമീദ് എന്നിവരെയാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. ശിവനും, ഹമീദും താഴെ തട്ടിൽ പ്രവർത്തകരുമായി ബന്ധമുള്ളവരാണെന്നാണ് പ്രതിനിധികളിൽ ഭൂരിഭാഗം പേരും പറയുന്നത്.
കടുങ്ങല്ലൂരിലെ സി.പി.എമ്മിൻറെ എക്കാലത്തെയും പ്രമുഖ നേതാക്കളിൽ ഒന്നാമനായിരുന്ന അന്തരിച്ച മുൻ ഏരിയ സെക്രട്ടറി കെ.എം. അലിക്കുഞ്ഞിെൻറ സഹോദരനാണ് ഹമിദ്. മുൻപഞ്ചായത്ത് അംഗവും, മുപ്പത്തടം സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ് ഇദ്ദേഹം. ചില ഭൂമി മാഫിയകളുടെ അതിരുകവിഞ്ഞ ഇടപെടലുകൾ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ലോക്കൽ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിൽ തർക്കത്തിന് കാരണമായതായും പറയുന്നു.
തെരഞ്ഞെടുപ്പ് നടന്നാൽ നേതൃത്വത്തിെൻറ താൽപര്യങ്ങൾ പരാജയപ്പെടുമെന്നതാണ് യോഗം മാറ്റിവെക്കാൻ കാരണമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ജില്ല കമ്മറ്റിയാണ് ഇനി കാര്യങ്ങൾ തീരുമാനിക്കുക. നിലവിലെ ലോക്കൽ സെക്രട്ടറി പി.കെ.തിലകനും, ഒദ്യോഗിക പാനലിൽ ഉൾപ്പെട്ടെങ്കിലും, മുൻ പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷിനെ സെക്രട്ടറിയാക്കാനാണ് നേതൃത്വത്തിന് താൽപര്യം. ജില്ല കമ്മിറ്റിയുടെ തീരുമാനത്തോടെ പ്രതിഷേധം കൂടുതൽ കനക്കാനാണ് സാധ്യത.
ലോക്കൽ സമ്മേളനങ്ങൾ ഇന്നും നാളെയും
ആലുവ: തർക്കത്തെ തുടർന്ന് മുടങ്ങിയ ആലുവ ഏരിയയിലെ സി.പിഎം ലോക്കൽ സമ്മേളങ്ങൾ 14, 15 തീയതികളിൽ നടക്കും.
14 ന് വൈകിട്ട് മൂന്നിന് കടുങ്ങല്ലൂർ വെസ്റ്റ് സമ്മേളനവും 15 ന് രാവിലെ പത്തിന് എടത്തല വെസ്റ്റ് സമ്മേളനവും നടത്താനാണ് തീരുമാനം.
രണ്ട് സമ്മേളനങ്ങളും ജില്ല കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും പൂർത്തിയാക്കുക. രണ്ടിടത്തും ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പ് മുതലുള്ള അജണ്ടകളാണ് പൂർത്തീകരിക്കാനുള്ളത്.