കോവിഡ്കാല സമരങ്ങൾ: ഇളവുകളുടെ പശ്ചാത്തലത്തിൽ ഹരജികൾ ഹൈകോടതി തീർപ്പാക്കി
text_fieldsകൊച്ചി: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ ആളെക്കൂട്ടിയുള്ള സമരങ്ങൾക്കും യോഗങ്ങൾക്കും വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെടുന്ന ഹരജി ഹൈകോടതി തീർപ്പാക്കി. സെപ്റ്റംബർ 30ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച അഞ്ചാംഘട്ട അൺലോക്ക് ഇളവുകൾകൂടി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. കൂട്ടായ്മക്ക് 100 പേർ എന്ന നിയന്ത്രണത്തിൽ ഇളവുകൾ വരുത്തുകയും അടച്ചിട്ട ഹാളുകളിൽ 200 പേർക്ക് പ്രവേശിക്കാമെന്നും വന്നതോടെ ഹരജിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് കോടതി വിലയിരുത്തി. വലിയ ഇളവുകൾ നടപ്പായ സാഹചര്യത്തിൽ തുടർനടപടികൾ വേണ്ടതില്ലെന്ന് ഹരജിക്കാരുടെ ആവശ്യവും കോടതി പരിഗണിച്ചു.
കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ നടത്തുന്ന ജനക്കൂട്ട സമരങ്ങൾ തടയണമെന്നും രോഗഭീഷണി ഒഴിയുംവരെ ഇത്തരം സംഘടനകളുടെ അംഗീകാരം താൽക്കാലികമായി പിൻവലിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് തൃക്കാക്കര സ്വദേശിയായ അഭിഭാഷകൻ ജോൺ നേമ്പലി ജൂനിയർ, കലൂർ സ്വദേശി ഡോ. പ്രവീൺ ജി. പൈ, ചാർട്ടേഡ് അക്കൗണ്ടൻറ് സജീവ് വി. നായർ തുടങ്ങിയവരാണ് ഹരജി നൽകിയിരുന്നത്.
ഇതേതുടർന്ന് കോവിഡ് മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ട സമരങ്ങൾക്ക് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇത്തരം സമരങ്ങളും പ്രകടനങ്ങളും നടത്തിയവർക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും സമരങ്ങൾക്ക് അറുതിവരാത്തത് പിന്നീട് ഹരജിക്കാർ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
അതേസമയം ഹരജികൾ ബുധനാഴ്ച പരിഗണിക്കവെ, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ ആവശ്യങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടതായി ഹരജിക്കാർതന്നെ കോടതിയെ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

