സമഗ്ര ദ്വീപ് പരിപാലന പദ്ധതി ഇഴയുന്നു; 20 മീറ്റർ ദൂരപരിധി ഇളവ് ലഭ്യമാകാതെ തീരവാസികൾ
text_fieldsകൊച്ചി: നിർമാണത്തിന് 20 മീറ്റർ ദൂരപരിധി ഇളവെന്ന ആനുകൂല്യം കിട്ടാക്കനിയായി തീരവാസികൾ. സമഗ്ര ദ്വീപ് പരിപാലന പദ്ധതി (ഇന്റഗ്രേറ്റഡ് ഐലന്റ് മാനേജ്മെന്റ് പ്ലാൻ -ഐ.ഐ.എം.പി) നടപ്പിൽ വരാത്തതാണ് ആനുകൂല്യത്തിന് തടസമാകുന്നത്.
2019 ജനുവരിയിൽ സി.ആർ.ഇസഡ് വിജ്ഞാപനവും 2024 ഓക്ടോബറിൽ തീര മേഖല കൈകാര്യ പദ്ധതിയും അംഗീകരിക്കപ്പെട്ടതിനെ തുടർന്ന് ദൂരപരിധി നിയന്ത്രണത്തിൽ വൻ തോതിൽ ഇളവ് നടപ്പിലായെങ്കിലും തീരവാസികൾ ഈ ആനുകൂല്യത്തിൽ നിന്ന് അകലെയാണ്. കായൽ കരകളിലെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള കുറഞ്ഞ ദൂരപരിധി 100 മീറ്ററായിരുന്നത് 2019ലെ വിജ്ഞാന പ്രകാരം 50 മീറ്ററാക്കിയിരുന്നു.
2011-ലെ വിജ്ഞാപന പ്രകാരം കായൽ ദ്വീപുകളിൽ നിർമാണങ്ങൾക്കുള്ള കുറഞ്ഞ ദൂരപരിധി 50 മീറ്ററായിരുന്നത് 20 മീറ്ററാക്കിയും 10 ഹെക്ടറിൽ കൂടുതൽ വിസ്തൃതിയുള്ള കായൽ ദ്വീപുകളിൽ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ ആയിരുന്ന ബഫർ സോൺ 20 മീറ്ററാക്കിയും കുറച്ചിട്ടുണ്ട്.
എന്നാൽ, ഐ.ഐ.എം പദ്ധതിയിൽ തട്ടി 20 മീറ്റർ ആനുകൂല്യം നടപ്പാകാതെ പോവുകയാണ്. 10 ഹെക്ടറിൽ കൂടുതൽ വിസ്തൃതിയുള്ള ദ്വീപുകൾക്ക് മാത്രമേ ഐ.ഐ.എം.പി തയാറാക്കേണ്ടതുള്ളൂവെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെന്റുമായി (എൻ.സി.എസ്.സി.എം) കൂടിയാലോചിച്ച് 10 ഹെക്ടറിൽ താഴെ വിസ്തൃതിയുളള എല്ലാ ദ്വീപുകളുടെയും ഐ.ഐ.എം.പിക്ക് ഒരു പൊതു ചട്ടക്കൂട് നൽകുമെന്നും അറിയിച്ചിരുന്നു.
ഇതു പ്രകാരം ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെൻറ് പ്ലാൻ തയാറാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയ ശേഷം ദ്വീപുകളുടെ വികസനരഹിത മേഖല 50 മീറ്ററിൽ നിന്ന് 20 മീറ്ററായി കുറക്കാനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കാനിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട മാപ്പ് സമർപ്പിക്കാനായെന്നല്ലാതെ മറ്റ് പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
2019ലെ വിജ്ഞാപനത്തെ തുടർന്ന് പ്ലാൻ അംഗീകരിക്കപ്പെട്ടതോടെ നിർമാണത്തിന് 20 മീറ്റർ ഇളവ് ആവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകൾ അധികൃതർക്ക് മുമ്പാകെ എത്തുന്നുണ്ട്.
എന്നാൽ, ഐ.ഐ.എം.പി സംബന്ധിച്ചോ ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടോ പഞ്ചായത്ത് വകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും ഇതുവരെ പ്രത്യേക നിർദേശങ്ങൾ ലഭിച്ചിട്ടില്ല. അതിനാൽ, അപേക്ഷകൾക്ക് അംഗീകാരം നൽകാനും കഴിയുന്നില്ല. കരട് തയാറാക്കി പൊതു തെളിവെടുപ്പ് പൂർത്തിയാക്കി അംഗീകാരം ലഭിച്ചാൽ മാത്രമേ പദ്ധതി നടപ്പിൽ വരുത്താനാവൂ.
20 മീറ്റർ ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ നിലവിലുള്ള പൊതുതാൽപര്യ ഹരജിയിൽ ഐ.ഐ.എം.പി നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ പണം അടക്കേണ്ടതുണ്ടെന്ന മറുപടിയാണ് എൻ.സി.എസ്.സി.എം വാക്കാൽ നൽകിയത്. ഈ നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന വ്യക്തത അധികൃതർക്ക് പോലും ഇല്ലാത്ത അവസ്ഥയുമാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

