പോർവിളിച്ച് സ്വകാര്യ ബസുകൾ; ആറുപേർക്കെതിരെ കേസ്
text_fieldsകളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസുകൾ
കളമശ്ശേരി: സമയനിഷ്ഠയുടെ പേരുപറഞ്ഞ് സ്വകാര്യ ബസുകൾ ദേശീയപാതയിൽ അപകടകരമായ നിലയിൽ മത്സരിച്ചും പോർവിളിച്ചും ഓടുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ഭീതി ഉയർത്തുന്നു. രാവിലെ 11.20 ഓടെ എച്ച്.എം.ടി ജങ്ഷൻ മുതൽ കളമശ്ശേരി ടൗൺഹാളിന് സമീപംവരെയാണ് മത്സരഓട്ടം കഴിഞ്ഞദിവസം നടന്നത്. ആലുവയിൽനിന്ന് വന്ന ഫോർട്ട്കൊച്ചി നന്ദനം ബസും എൻ.എ.ഡി വഴി വന്ന ആലുവ തേവര നജ്റാനി ബസും തമ്മിലായിരുന്നു അങ്കം.
ഇരുബസുകളും എച്ച്.എം.ടി ജങ്ഷനിൽ എത്തിയശേഷം മത്സരിച്ച് മുന്നോട്ടുനീങ്ങി. ടി.വി.എസ് ജങ്ഷൻ മുതൽ ഒരേദിശയിൽ പരസ്പരം ഉരച്ചുനീങ്ങി.ടൗൺഹാൾ എത്തുന്നതിന് മുമ്പ് നന്ദനം ബസ് മറ്റേ ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ മെട്രോ മീഡിയനിൽ കയറിമറിയുന്ന നിലയിൽ റോഡിൽനിന്നു. അതോടെ യാത്രക്കാർ കൂട്ടക്കരച്ചിലും ബഹളവും ഉണ്ടാക്കി.
ഈസമയം ബസുകൾ നിർത്തിയ ജീവനക്കാർ റോഡിൽ ഇറങ്ങി പരസ്പരം ഏറ്റുമുട്ടി. ക്ഷമകെട്ട യാത്രക്കാരും സംഭവങ്ങൾ നേരിൽകണ്ട നാട്ടുകാരും ഇടപ്പെട്ടതോടെ ഡ്രൈവർ അടക്കമുള്ള ജീവനക്കാർ കടന്നുകളഞ്ഞു.പിന്നീട് ഇവർ സ്റ്റേഷനിൽ ഹാജരായി. സംഭവത്തിൽ ബസിലുണ്ടായ കുട്ടികളും സ്ത്രീകളും അടക്കം നിരവധി യാത്രക്കാർക്ക് ചെറിയ പരിക്കുകൾ ഉണ്ടായി. ഒരു യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യംഅനുഭവപ്പെട്ടു.
ഡ്രൈവർമാരായ ചൊവ്വര കൈപ്ര കക്കാട്ടിൽ വീട്ടിൽ ഫഹദ് (25), ഏലൂർ കൊച്ചിക്കാരൻ പറമ്പിൽ രാഹുൽ (25), മറ്റു ജീവനക്കാരായ വരാപ്പുഴ ചിറക്കകം, പൊറ്റകുഴിക്കൽ വീട്ടിൽ പി.സനൽ (31), ആലപ്പുഴ കുറുമഞ്ചേരി എഴുപുന്ന മാളിയേക്കൽ വീട്ടിൽ സിൻസൺ ജോൺ (24), ചാലേപ്പള്ളി, കോമ്പാറ മട്ടുമ്മൽ വീട്ടിൽ സനൽ (20), ആലുവ ചുണങ്ങംവേലി കുരിശുവീട്ടിൽ ഷൈജു (26) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇരു ബസുകളും കസ്റ്റഡിയിലെടുത്തു. മുമ്പു ഇരു ബസ് ജീവനക്കാരും ഇത്തരത്തിൽ റോഡിൽകിടന്ന് വഴക്കടിച്ചിരുന്നതായി യാത്രക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

