പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ നീക്കം എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞു
text_fieldsമലയിടംതുരുത്ത് പര്യത്ത് കോളനിയിൽ സർവേ നടപടികൾ പൂർത്തികരിക്കാനെത്തിയ
അഡ്വ. കമീഷനെ പി.വി. ശ്രീനിജൻ എം.എൽ.എയുടെ നേതൃത്വത്തിൽ തടയുന്നു
കിഴക്കമ്പലം: മലയിടംതുരുത്ത് പര്യത്ത് കോളനി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് എത്തിയ അഡ്വ. കമീഷനെ തടഞ്ഞ് എം.എൽ.എ പി.വി. ശ്രീനിജൻ. കമീഷനെ കോടതി നിയമിച്ചതായ ഉത്തരവ് കാണിക്കണമെന്നും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ ബോധ്യപ്പെടുത്തണമെന്നും ആവശ്യപെട്ടാണ് തടഞ്ഞത്. വാദി വക്കീലിനെ പോലെ കമീഷൻ പെരുമാറരുതെന്നും അല്ലാത്ത പക്ഷം ഭൂമിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അതിന് പൊലീസ് കൂട്ട് നിൽക്കരുതെന്നും എം.എൽ.എ പറഞ്ഞു.
മുൻസിഫ് കോടതിയുടെ ഉത്തരവ് അനുസരിച്ച് ഭൂമി അളക്കുന്നതിന് മുമ്പ് അയൽവാസികൾക്ക് നോട്ടീസ് നൽകണമെങ്കിലും അത് ഉണ്ടായിട്ടില്ല. പെരിയാർവാലി കനാലിനോട് ചേർന്ന് കിടക്കുന്ന ഭൂമി ആയതിനാൽ പെരിയാർ വാലിക്കും നോട്ടീസ് നൽകണം. ഇതൊന്നും പാലിക്കാതെയാണ് സർവേ പൂർത്തികരിച്ചെന്ന് പറയുന്നത്. ഇത് പെരിയാർ വാലിയുടെ ഭൂമി കൈയേറാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്നും സംശയിക്കണം -എം.എൽ.എ പറഞ്ഞു. അതിനാൽ സർവേ നിയമവിരുദ്ധമാണ് എന്ന് കാണിച്ച് എം.എൽ.എയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് കത്ത് നൽകി.
പ്രതിഷേധം ശക്തമായതോടെ തൽക്കാലം കമീഷൻ മടങ്ങുകയായിരുന്നു. ഇത് ആറാം തവണയാണ് കുടിയൊഴിപ്പിക്കുന്നതിനായി കമീഷൻ എത്തുന്നത്. ഒരു വർഷം മുമ്പ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിയോഗിച്ച അഡ്വ. കമീഷന്റെ നേതൃത്വത്തിൽ താലൂക്ക് സർവയർ ഉൾപ്പെടെ എത്തി കോളനി പൊളിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇവരുടെ പുനരധിവാസത്തിന് നാല് ദിവസം സമയം കൊടുക്കുകയായിരുന്നു. തുടർന്ന് കോളനി നിവാസികൾ പെരുമ്പാവൂർ മുനിസിഫ് കോടതിയിൽനിന്ന് താൽക്കാലിക സ്റ്റേ വാങ്ങി.
ആ സ്റ്റേയുടെ കാലാവധി അവസാനിച്ചതോടെ വീണ്ടും കഴിഞ്ഞ സെപ്റ്റംബറിൽ കോളനി പൊളിക്കാൻ നീക്കം നടത്തി. ഭൂമിയുടെ അവകാശിയായ മരണപെട്ട ലീലയുടെ മക്കളെ പൊളിച്ച് നീക്കുന്ന കാര്യം അറിയിച്ചിരുന്നില്ലന്ന് ചൂണ്ടികാട്ടിയതോടെ പെരുമ്പാവൂർ മുനിസിഫ് കോടതി വീണ്ടും സ്റ്റേ ചെയ്യുകയായിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ജനുവരി നാലിന് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ എത്തിയിരുന്നങ്കിലും സ്ഥലത്തെ സംഘർഷം കണക്കിലെടുത്ത് കലക്ടർ ഇടപ്പെട്ട് തൽക്കാലം നിർത്തി വെപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ജനുവരി 15നും 16നും പൊലീസ് സംരക്ഷണത്തിൽ അളന്ന് തിരിക്കാൻ എത്തിയിരുന്നങ്കിലും തർക്കം ഉണ്ടായതിനാൽ നിർത്തിവച്ചു. ഇതേ തുടർന്നാണ് ശനിയാഴ്ച എത്തി ഭൂമി അളന്നത്.
ഏഴ് പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ എട്ടോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 50 വര്‍ഷം മുമ്പാണ് തന്റെ ഭൂമി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കാളുകുറുമ്പന് അന്യായമായി കൈയേറിയിരിക്കുന്നതായി ചൂണ്ടിക്കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന്‍നായര്‍ ഇവര്‍ താമസിക്കുന്ന ഭൂമിക്കെതിരെ രംഗത്തെത്തുന്നത്. പിന്നീട് ഈ ഭൂമിയിക്കുവേണ്ടിയുള്ള നിയമയുദ്ധങ്ങള്‍ സുപ്രീംകോടതി വരെ നീണ്ടു പോയെങ്കിലും വിധി എതിരായതാണ് ഇപ്പോള്‍ നടപടിയിലേക്ക് നീങ്ങാന്‍ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

