കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് കാമ്പസ് പ്ലേസ്മെന്‍റിൽ റെക്കോഡ് നേട്ടം
text_fieldsകളമശ്ശേരി: വിവിധ കോഴ്സുകളിലായി അവസാനവര്‍ഷ പഠനം നടത്തുന്ന 942 വിദ്യാർഥികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കികൊണ്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കാമ്പസ് പ്ലേസ്മെന്‍റിൽ റെക്കോഡ് നേട്ടം കൈവരിച്ചു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഐ.ടി കമ്പനികള്‍ക്കൊപ്പം കോര്‍പറേറ്റ് കമ്പനികളും വാഗ്ദാനങ്ങളുമായി എത്തിയതും ശമ്പള പാക്കേജിലെ വർധനയും ഈ വര്‍ഷത്തെ റിക്രൂട്ട്‌മെന്‍റുകളുടെ വർധനക്ക് കാരണമായി. 2021-ല്‍, 758 കുസാറ്റ് വിദ്യാർഥികള്‍ കാമ്പസ് പ്ലേസ്മെന്‍റ് നേടി; 2020ല്‍ ഇത് 595 ആയി.
ഈ പ്ലേസ്മെന്‍റ് സീസണിലെ ഏറ്റവും ഉയര്‍ന്ന ശമ്പള പാക്കേജ് പ്രതി വര്‍ഷം 40 ലക്ഷം രൂപയും ശരാശരി ശമ്പള പാക്കേജ് 4.8 ലക്ഷം രൂപയുമാണ്. ഇത്തവണ ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, ഐ.ബി.എം, ആമസോണ്‍, ബൈജൂസ് എന്നിവയുള്‍പ്പെടെ നൂറിലധികം കമ്പനികള്‍ കുസാറ്റില്‍നിന്നുള്ള വിദ്യാർഥികളെ റിക്രൂട്ട് ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്ലേസ്മെന്റുകള്‍ ഉണ്ടാകും. കൂടാതെ, ഒരാഴ്ചക്കുള്ളില്‍ കുസാറ്റില്‍നിന്ന് 1000 വിദ്യാർഥികള്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി നേടുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.
കോവിഡിനുമുമ്പുള്ള റിക്രൂട്ട്മെന്റ് ട്രെന്‍ഡുകള്‍ തിരിച്ചെത്തിത്തുടങ്ങിയതായി ചീഫ് പ്ലേസ്മെന്റ് ഓഫിസര്‍ ഡോ. ജേക്കബ് ഏലിയാസ് പറഞ്ഞു.സര്‍വകലാശാലയില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പരീക്ഷ മേയ് 15, 16, 17 തീയതികളിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് ഏഴ്. വിശദവിവരങ്ങള്‍ admission.cusat.ac.in സൈറ്റില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

