കൊച്ചി: ഹാർബർ പാലം പണിയാൻ എടുത്തത് അഞ്ച് ദിവസം, ബി.ഒ.ടി പാലത്തിന് എട്ട് ദിവസവും; നിർമാണ വസ്തുക്കൾ ഉണങ്ങിയ തെങ്ങിൻ മടലും കാർട്ടണും. ലോക്ഡൗൺ നാളുകളിൽ കൊച്ചി കാഴ്ചകളെ തെൻറ വീട്ടിൽ തന്നെ പുനരാവിഷ്കരിക്കുകയാണ് പള്ളുരുത്തി ചിറക്കൽ മറൈൻ ജങ്ഷനിൽ മറൈൻ ആർട്സിലെ പീറ്റർ.
'ചിറക്കൽ സെൻറ് സെബാസ്റ്റ്യൻ സ്കൂളിലാണ് പഠിച്ചത്. അന്നുമുതൽ മനസ്സിൽ പതിഞ്ഞതാണ് ഹാർബർ പാലം. ലോക്ഡൗണിൽ വീട്ടിലിരുന്നപ്പോൾ പാലം മനസ്സിൽ കണ്ട് പണിയുകയായിരുന്നു' -പീറ്ററിെൻറ വാക്കുകൾ. മരപ്പണിക്കാരനായിരുന്ന പീറ്റർ 15 വർഷം സൗദിയിലും ഒരുവർഷം ഖത്തറിലും ജോലിചെയ്തു. ശാരീരിക വിഷമതകൾ പിടികൂടിയതോടെ നാട്ടിലെത്തി ചിറക്കലിൽ ജെ.പി ഹോട്ടൽ നടത്തുകയാണ് അദ്ദേഹം. 'ചെറുപ്പം മുതൽ കരകൗശല വസ്തുക്കളിലായിരുന്നു താൽപര്യം. ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ മൂലം ഉച്ചക്ക് ഒരുമണി വരെയാണ് ഹോട്ടൽ നടത്തുക. പിന്നെയുള്ള സമയം ഇവയുടെ നിർമാണത്തിലും' -പീറ്റർ പറയുന്നു.
കോവിഡും സിറിഞ്ചും, പൊലീസ് തൊപ്പി, മൂർഖൻ പാമ്പ്, ഞണ്ട്, എട്ടുകാലി, പരുന്ത് തുടങ്ങി വീട്ടിലാകെ നിറയുകയാണ് ഇദ്ദേഹത്തിെൻറ നിർമിതികൾ. പെയിൻറിങ് ഉൾപ്പെടെ എല്ലാം സ്വന്തമായി തന്നെ. മറൈൻ ആർട്സ് ക്ലബിെൻറ േജായൻറ് സെക്രട്ടറി കൂടിയാണ്. എല്ലാത്തിനും പിന്തുണയുമായി ഭാര്യ ടെൽമയും കൂട്ടിനുണ്ട്. മക്കളായ അനിത റോസിയും അനു ജിബിനും വിവാഹിതരായി.