തീരം ശോഷിക്കുന്നു
text_fieldsഫോർട്ട്കൊച്ചി കടൽത്തീരം ഇപ്പോൾ
മട്ടാഞ്ചേരി: ജില്ലയുടെ പടിഞ്ഞാറ് കടൽ നീണ്ടുകിടക്കുന്ന അതിർത്തിയാണ്. കടൽതീരങ്ങൾ പലതും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളുമാണ്. വിശാലമായ കടൽ തീരങ്ങൾ ജില്ലയുടെ പ്രത്യേകതയായിരുന്നു.എന്നാൽ, ജില്ലയുടെ തീരപ്രദേശങ്ങൾ ശോഷിക്കുകയാണെന്ന പഠനങ്ങളാണ് പുറത്തുവരുന്നത്. ശക്തമായ കടൽകയറ്റവും മണ്ണൊലിപ്പുംമൂലം തീരമേഖലയുടെ 25 ശതമാനം നഷ്ടപ്പെട്ടതായാണ് കോസ്റ്റൽ എൻവയൺമെന്റ്സ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കണ്ടെത്തൽ. 1988 മുതൽ 2023 വരെയുള്ള 35 വർഷക്കാലയളവിലാണ് ഈ പ്രതിഭാസം ഏറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫോർട്ട്കൊച്ചിയും മുനമ്പവുമാണ് തീരശോഷണത്തിൽ മുന്നിൽ.
ഫോർട്ട്കൊച്ചി കടൽത്തീരം (1995ലെ ചിത്രം)
കണക്കുകൾ ഇങ്ങനെ
ഫോർട്ട്കൊച്ചി, മുനമ്പം മേഖലകളിൽ 134.99 മീ. ഭൂമി കടൽ കവർന്നു. ചെറായി, നായരമ്പലം, എളങ്കുന്നപ്പുഴ, മാലിപ്പുറം, കൊച്ചി മാനാശ്ശേരി ഭാഗങ്ങളിൽ 17.49 മീ. തീരം കടലെടുത്തു. പുതുവൈപ്പ് കടൽതീരം അവശിഷ്ടങ്ങൾ അടിഞ്ഞകൂടുന്ന മേഖലയായി മാറിയതായും പഠനത്തിൽ വ്യക്തമാക്കുന്നു.
പുലിമുട്ടുകൾ ഗുണകരം
കടൽകയറ്റം, മണ്ണൊലിപ്പ് എന്നിവ ചെറുക്കാൻ പുലിമുട്ടുകൾ സഹായകരമാകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, പുലിമുട്ടുകൾ ആവശ്യത്തിനില്ലാത്തതും ഉള്ളത് സംരക്ഷിക്കാൻ നടപടികൾ ഇല്ലാത്തതും വിനയാകുന്നുണ്ട്.
കടലടിയേറ്റും കല്ലുകൾ ഇളകിവീണും പുലിമുട്ടുകൾ തകരുമ്പോൾ ഇവ പരിപാലിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ നടപടികളില്ല. സംസ്ഥാനത്തെ പുലിമുട്ടുകൾക്ക് എട്ട് മുതൽ 10 വർഷം വരെയാണ് ആയുസ്സ് കണക്കാക്കുന്നത്. കൊച്ചി തുറമുഖ ശിൽപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടീഷ് ഹാർബർ എൻജിനീയർ റോബർട്ട് ബ്രിസ്റ്റോ തന്റെ ഉദ്യമം കഴിഞ്ഞ് മടങ്ങുന്ന വേളയിൽ ഫോർട്ട്കൊച്ചി തീരത്ത് അഴിമുഖത്തോട് ചേർന്ന് ഏറെ നീളത്തിൽ പുലിമുട്ട് പണിയണമെന്ന് നിർദേശിച്ചിരുന്നു.
കൊച്ചി തീരത്തെ കടൽകയറ്റ സാധ്യത മുന്നിൽകണ്ടാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാൽ, പിന്നീട് പുലിമുട്ട് നിർമാണം നടന്നില്ല. മദ്രാസ് ഐ.ഐ.ടി സംഘം നടത്തിയ പഠനത്തിലും പുലിമുട്ടിന്റെ അനിവാര്യതക്ക് അടിവരയിടുന്നുണ്ട്.
തീരശോഷണം ടൂറിസത്തിനും വിന
ഫോർട്ട്കൊച്ചി കടൽതീരം സഞ്ചാരികളുടെ പറുദീസയായാണ് ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്നത്. വിശാല കടപ്പുറം കടൽകയറ്റത്തെ തുടർന്ന് നാമമാത്രമായി. ചെറിയ കടപ്പുറത്ത് മാലിന്യം അടിയുന്നതിനാൽ സഞ്ചാരികൾ നിരാശരായി മടങ്ങുന്ന കാഴ്ചയാണ് നിലവിൽ.
ആഴം കൂട്ടുന്നത് വിനയാകുന്നു
കൊച്ചിൻ പോർട്ട് ഇപ്പോഴും വർഷം മുഴുവൻ ഡ്രഡ്ജിങ് കോർപറേഷൻ ഒാഫ് ഇന്ത്യയെക്കൊണ്ട് മണ്ണ് മാന്തിച്ചാണ് തുറമുഖത്തിന്റെ ആഴം നിലനിർത്തുന്നത്. കഴിഞ്ഞ വർഷം ഇതിനായി 150 കോടിയാണ് ചെലവഴിച്ചത്.
ഒരു വർഷം ഡ്രഡ്ജിങ് നടത്തിയില്ലെങ്കിൽ കൊച്ചിൻ പോർട്ടും അടഞ്ഞുപോകുമെന്നതാണ് സ്ഥിതി. തുറമുഖം നിർമിച്ചപ്പോൾതന്നെ അഴിമുഖത്തിന്റെ ഇരുകരകളായ ഫോർട്ട്കൊച്ചിയിലും വൈപ്പിനിലും രണ്ട് മൈൽ നീളത്തിൽ കടലിലേക്ക് പുലിമുട്ട് നിർമിക്കണമെന്ന് പറഞ്ഞിരുന്നു.
തുറമുഖത്തുനിന്ന് വേലിയിറക്കത്തിൽ കടലിലേക്കുള്ള ഒഴുക്കിൽ അഴിമുഖത്തിന്റെ തെക്കൻ കടലിൽ ഉണ്ടാകുന്ന ചുഴിയിൽ (എതിർ ഒഴുക്ക്) തീരക്കടലിൽ തെക്കുനിന്ന് വടക്കോട്ട് ഒഴുക്ക് രൂപപ്പെടുന്നു. ഇങ്ങനെ ഒഴുകിപ്പോകുന്ന വെള്ളത്തോടൊപ്പം അന്ധകാരനഴി മുതൽ ചെല്ലാനം ഫോർട്ട് കൊച്ചി വരെയുള്ള തീരക്കടലിലെ മണ്ണ് ഒഴുകിപ്പോകും.
1928 മുതൽ തെക്കൻ തീരത്തുനിന്നും ഒഴുകിപ്പോയ മണ്ണ് അടിഞ്ഞ് പുതുതായി ഉണ്ടായ കരയാണ് പുതുവൈപ്പിൻ. ഫോർട്ട്കൊച്ചി മുതൽ ചെല്ലാനം അന്ധകാരനഴി വരെ അര കി.മീ. മുതൽ മൂന്ന് കി.മീ. വരെ വീതിയിൽ 25 കി.മീ. നീളത്തിലാണ് കര നഷ്ടപ്പെട്ടത്. കടൽ ആക്രമണം മൂലം റവന്യൂഭൂമി ഏറ്റവും കൂടുതൽ നഷ്ടപ്പെട്ടത് ചെല്ലാനത്താണ്.
വി.ടി. സെബാസ്റ്റ്യൻ(ചെല്ലാനം-കൊച്ചി ജനകീയ സമിതി കൺവീനർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

