ശുചീകരണം താളംതെറ്റി; മാലിന്യക്കൂമ്പാരമായി സക്കീർഹുസൈൻ നഗർ
text_fieldsസക്കീർ ഹുസൈൻ നഗറിലെ മാലിന്യം നിറഞ്ഞ ഓട
മൂവാറ്റുപുഴ: ശുചീകരണ പ്രവർത്തനങ്ങൾ താളം തെറ്റിയതോടെ നഗരമധ്യത്തിലെ ജനവാസകേന്ദ്രമായ സക്കീർ ഹുസൈൻ നഗർ മാലിന്യക്കൂമ്പാരമായി. പാതയോരങ്ങൾ മുഴുവൻ കാടുകയറിക്കഴിഞ്ഞു. ഓടകളിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. റോഡിലും മാലിന്യം കെട്ടിക്കിടക്കുന്നു. മൂക്കുപൊത്താതെ ഇതുവഴി പോകാൻ കഴിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
നഗരത്തിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രമാണിത്. നിരവധി വ്യാപാര സ്ഥാപനങ്ങളും പള്ളിയുമടക്കം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന സക്കീർ ഹുസൈൻ നഗർ റോഡ് മുഴുവൻ മാലിന്യക്കൂമ്പാരമാണ്. ഇവിടെ സ്ഥിതിചെയ്യുന്ന നഗരസഭയുടെ കീഴിലെ അഞ്ച് സെന്റ് സ്ഥലവും മാലിന്യം തള്ളൽ കേന്ദ്രമായി മാറി. വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കുന്നതാണിത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ കുന്നുകൂടുന്നത്. നേരത്തെ ഇവിടെ ഉണ്ടായിരുന്ന പൊതു കക്കൂസ് പൊളിച്ചുനീക്കിയ ഇടമാണ് ഇപ്പോൾ മാലിന്യം തള്ളുന്ന സ്ഥലമായി മാറിയത്. കഴിഞ്ഞ നാല് വർഷത്തിനിടെ പ്ലാസ്റ്റിക് കവറുകളടക്കമുള്ള മാലിന്യം കുന്നുകൂടിയിരിക്കുകയാണ്.
ഫുട് വേസ്റ്റിനു പുറമെ എല്ലാത്തരം മാലിന്യവും ഇവിടെയാണ് തള്ളുന്നത്. ഈ സ്ഥലത്ത് നഗരസഭ ഷോപ്പിങ്ങ്കോംപ്ലക്സ് പണിയാൻ തീരുമാനിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. മാലിന്യം കുന്നുകൂടിയതോടെ മഴ പെയ്യുമ്പോൾ മാലിന്യം ഇതിനു സമീപത്തുകൂടി കടന്നുപോകുന്ന കീഴ്ക്കാവിൽ തോട് വഴി പുഴയിലേക്കാണ് എത്തിച്ചേരുന്നത്. മാലിന്യം നീക്കം ചെയ്ത് കാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ നഗരസഭ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഇവിടത്തെ ഓടകൾ മുഴുവൻ നിറഞ്ഞുകവിഞ്ഞ് മാലിന്യം കെട്ടിക്കിടക്കുകയാണ്. നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമായിരുന്ന ഇവിടെ നിന്നും 2018ലെ പ്രളയത്തിനു ശേഷം ഭൂരിപക്ഷം നാട്ടുകാരും മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറിയിരുന്നു.
ഇതിനുശേഷം അന്തർ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ അധികവും താമസിക്കുന്നത്. നേരത്തെ രണ്ടു മാസം കൂടുമ്പോൾ ഇവിടെ കാട് വെട്ടലും ഓടശുചീകരണവുമടക്കമുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നെങ്കിലും കുറെ കാലമായി ഒന്നും നടക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

