ചൂർണിക്കര പഞ്ചായത്ത്; യു.ഡി.എഫിന് ഭരണത്തുടർച്ച
text_fieldsപ്രതീകാത്മക ചിത്രം
ചൂർണിക്കര: ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണത്തുടർച്ച. 21 സീറ്റിൽ 13 എണ്ണം വിജയിച്ചാണ് തുടർഭരണം. ജില്ല, ബ്ലോക്ക് ഡിവിഷനുകളും യു.ഡി.എഫ് തൂത്തുവാരി. യു.ഡി.എഫ് ജൈത്രയാത്രക്കിടയിലും എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടിസീറ്റുകൾ നേടാൻ അവർക്കായി. കഴിഞ്ഞ തവണ 18 സീറ്റാണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. ഇതിൽ യു.ഡി.എഫിന് 11 സീറ്റുണ്ടായിരുന്നു. എൽ.ഡി.എഫിന് നാല് സീറ്റും. ബി.ജെ.പിക്ക് ഒരു സീറ്റും രണ്ട് സ്വതന്ത്രരുമുണ്ടായിരുന്നു. ഇത്തവണ 21 സീറ്റായി വർധിച്ചപ്പോൾ യു.ഡി.എഫ് രണ്ട് സീറ്റ് കൂടുതൽ നേടി 13ലെത്തി. എന്നാൽ, എൽ.ഡി.എഫ് നാലിൽനിന്ന് എട്ടായി വർധിപ്പിച്ചു. ബി.ജെ.പി സംപൂജ്യരായപ്പോൾ സ്വതന്ത്രരെയും വോട്ടർമാർ കൈയൊഴിഞ്ഞു.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് കരുതിയിരുന്ന ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടിയുടെ പരാജയം യു.ഡി.എഫിന് തിരിച്ചടിയായി. മൂന്നാം വാർഡായ പള്ളിക്കുന്നിലാണ് ബാബു പരാജയപ്പെട്ടത്. എൽ.ഡി.എഫിലെ മനോജാണ് ആറ് വോട്ടിന് വാർഡ് പിടിച്ചെടുത്തത്. നാളുകളായി ദമ്പതികൾ മാറി മാറി വിജയിച്ചിരുന്ന 20ാം വാർഡ് യു.ഡി.എഫ് തിരിച്ചുപിടിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് നസീർ ചൂർണിക്കര 71 വോട്ടിനാണ് മുൻ പഞ്ചായത്ത് അംഗം പി.യു. യൂസഫിനെ പരാജയപ്പെടുത്തിയത്. നിലവിലെ അംഗമായിരുന്ന സുബൈദ യൂസഫ് 2010ൽ യു.ഡി.എഫ് സ്ഥാനാർഥിയായാണ് ഇവിടെ വിജയിച്ചത്.
യു.ഡി.എഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് 2015ൽ ഭർത്താവ് യൂസഫ് എൽ.ഡി.എഫിൽ നിന്നാണ് വിജയിച്ചത്. 2020ൽ ഇരുമുന്നണികളും സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് സുബൈദ സ്വതന്ത്രയായി മത്സരിച്ച് വിജയിക്കുകയായിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് നസീറിനെയാകും പരിഗണിക്കുക. ബി.ജെ.പിയുടെ കൈയിലുണ്ടായിരുന്ന നാലാം വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. മുട്ടം ഭാഗത്തെ 16ാം വാർഡ് യു.ഡി.എഫ് നേടി. 2010, 2015 തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് വിജയിച്ച വാർഡിൽ 2020ൽ സ്വതന്ത്രനാണ് വിജയിച്ചിരുന്നത്.
18 കമ്പനിപ്പടി വാർഡിൽ എൽ.ഡി.എഫ് ഹാട്രിക് വിജയം നേടി. വിമതൻ മത്സരിച്ചതിനെ തുടർന്ന് മുതിരപ്പാടം 19ാം വാർഡ് യു.ഡി.എഫിന് നഷ്ടമായി. നിലവിലെ സ്ഥിരംസമിതി അധ്യക്ഷ റൂബി ജിജിയുടെ വാർഡായിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് റൂബിയുടെ ഭർത്താവും കോൺഗ്രസ് ഭാരവാഹിയുമായ ജിജി വിമതനായി മത്സരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് എൽ.ഡി.എഫ് വിജയിച്ചത്. 21ാം വാർഡായ മാന്ത്രക്കൽ യു.ഡി.എഫ് നേടി. എല്ലാ പാർട്ടികൾക്കും സ്വാധീനമുണ്ടായിരുന്ന പ്രദേശമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

