Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടി ഡ്രൈവർമാർ ചീറിപ്പായുന്നു; അപകടം തുടർക്കഥ

text_fields
bookmark_border
വിദ്യാര്‍ഥികളില്‍ പലരും മൂന്നുപേരുമായി ബൈക്കിലാണ് സ്‌കൂളുകളിൽ എത്തുന്നത്
കുട്ടി ഡ്രൈവർമാർ ചീറിപ്പായുന്നു; അപകടം തുടർക്കഥ
cancel

ചാരുംമൂട്: നിയമങ്ങൾ കാറ്റിൽ പറത്തി രണ്ടും മൂന്നും യാത്രക്കാരുമായി സ്കൂൾ വിദ്യാർഥികൾ ഇരുചക്ര വാഹനങ്ങളിൽ പറക്കുമ്പോൾ പിന്നാലെയെത്തുന്നത് ജീവനെടുക്കുന്ന അപകടങ്ങൾ. വിദ്യാലയങ്ങൾ തുറന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴേക്കും കുട്ടി ഡ്രൈവര്‍മാരുടെ ചീറി പായല്‍ മൂലമുണ്ടാകുന്ന അപകടങ്ങൾ തുടര്‍കഥയാകുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥികളും 18 വയസ്സ് തികയാത്തവരായ കോളജ് വിദ്യാര്‍ഥികളും ഇരുചക്രവാഹനങ്ങളില്‍ മരണപ്പാച്ചില്‍ നടത്തുമ്പോള്‍ കാണേണ്ടവരില്‍ പലരും കണ്ടില്ലെന്ന് നടിക്കുകയാണ്. എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികളില്‍ പലരും മൂന്നുപേരുമായി ബൈക്കിലാണ് സ്‌കൂളുകളിൽ എത്തുന്നത്. ഗ്രാമപ്രദേശങ്ങളിലടക്കം സ്കൂൾ യൂനിഫോമിൽ രണ്ടിലധികം വിദ്യാർഥികൾ ബൈക്കുകളിൽ പാഞ്ഞു പോകുന്നത് സ്ഥിരം കാഴ്ചയാണ്.

പലസ്ഥലങ്ങളിലും വാഹന പരിശോധന പേരിനുമാത്രം ഒതുങ്ങുന്നതാണ് കുട്ടി ഡ്രൈവര്‍മാര്‍ക്ക് വളമാകുന്നത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കുകള്‍ അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ഇവരുടെ യാത്ര തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ തയാറാകുന്നില്ല. പലപ്പോഴും പൊലീസ് പിടികൂടി താക്കീത് ചെയ്താലും രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവത്കരണം നടത്തിയാലും വീണ്ടും വിദ്യാർഥികൾ ബൈക്കുമായി ഇറങ്ങും.

നിരവധി വിദ്യാർഥികളാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അപകടങ്ങളിൽ മരണപ്പെട്ടത്. വിദ്യാലയ കോമ്പൗണ്ടുകൾക്കുള്ളിൽ വിദ്യാർഥികളുടെ വാഹനങ്ങൾ പ്രവേശിപ്പിക്കാത്തതിനാൽ സ്കൂളുകൾക്ക് സമീപത്തുള്ള കടകളുടെയും വീടുകളുടെയും മറ്റും പരിസരങ്ങളിലാണ് കുട്ടികൾ ബൈക്കുകൾ സൂക്ഷിക്കുന്നത്. ഇതിന് പല വീട്ടുകാരും നിശ്ചിത തുകയും ഈടാക്കാറുണ്ടെന്ന് വിദ്യാർഥികൾ തന്നെ പറയുന്നു. ഇത്തരം വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് അറിയാമെങ്കിലും ഈ സ്ഥലങ്ങളിൽ പരിശോധന നടത്തി നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ല.

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് ഇരുചക്ര വാഹനങ്ങൾ നൽകുന്ന രക്ഷിതാക്കൾക്കെതിരെ കേസെടുക്കാമെങ്കിലും അതിനും പൊലീസ് തയാറാക്കുന്നില്ല. രക്ഷിതാക്കളെ വിളിച്ച് വരുത്തിയാൽ പലരും മക്കളെ ന്യായീകരിക്കുകയാണ് ചെയ്യാറുള്ളതെന്ന് പൊലീസ് പറയുന്നു. 15 വയസ്സിൽ താഴെ പ്രായമുള്ള വിദ്യാർഥിയെ ഇരുചക്ര വാഹനവുമായി പിടികൂടിയപ്പോൾ പൊലീസ് സ്റ്റേഷനിലെത്തിയ പിതാവ് ‘ബൈക്ക് ഓടിക്കാൻ അവന് നന്നായി അറിയാം, പിന്നെ എന്താണ് പ്രശ്നമെന്നാണ് ചോദിച്ചത്.

ഒടുവിൽ രക്ഷിതാവിന്റെ പേരിൽ കേസെടുത്തപ്പോൾ‍ ഇയാൾ പിഴ അടച്ചു തടിയൂരിയ സംഭവവും നിരവധിയാണ്. കുട്ടി ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സ്കൂൾ പി.ടി.എ, പൊലീസ്, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ എന്നിവർ ശക്തമായി രംഗത്തെത്തണമെന്നാണ് ആവശ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Child drivers are active accident story continues
Next Story