എം.ഡി.എം.എ കേസുകളിലെ പ്രതികളുമായുള്ള ബന്ധം; മുഖ്യമന്ത്രി പറയുന്നത് നുണ -സി.പി.എം ജില്ല സെക്രട്ടറി
text_fieldsകൊച്ചി: എം.ഡി.എം.എ കേസുകളിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞതെല്ലാം കളവാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എസ്. സതീഷ്. വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി അംഗീകരിച്ച ഒരേ ഒരു കാര്യം ലഹരി കേസിൽ അറസ്റ്റിലായ പ്രതികൾ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നതും അവരുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു എന്നതുമാണ്. എന്നാൽ ആ ബന്ധം എങ്ങനെ ഉണ്ടായി എന്ന് വിശദീകരിക്കുന്നത് പച്ചക്കള്ളത്തിലൂടെയാണ്.
എം.ഡി.എം.എ കേസിലെ പ്രതി ഹുസൈൻ നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂർ കുറുപ്പുംപടിയിൽ യൂത്ത് കോൺഗ്രസിന് വേണ്ടി കരിങ്കൊടി കാണിച്ചപ്പോൾ അവിടെ പൊലീസ് ക്രൂരമായി ലാത്തിച്ചാർജ് നടത്തി എന്നും തുടർന്ന് തിരുമ്മൽ ഉൾപ്പെടെയുള്ള ചികിത്സ വേണ്ടിവന്നു എന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. ഈ സംഭവത്തിനു ശേഷം മർദനമേറ്റ യൂത്ത് കോൺഗ്രസുകാരൻ എന്ന നിലയിലാണ് ഫോണിൽ സംസാരിച്ചതും, പ്രതിയുടെ വീട്ടിൽ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളയാത്രയുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ കുറിപ്പുംപടിയിൽ പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാർജോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല. അതുകൊണ്ട് എം.ഡി.എം.എ കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഹുസൈന് ക്രൂരമായ മർദനമേൽക്കുകയോ ആശുപത്രിയിൽ തിരുമ്മലിന് പോവുകയോ ഉണ്ടായിട്ടില്ല. ഇത് മുഖ്യമന്ത്രിയുടെ നുണക്കഥ മാത്രമാണെന്ന് സതീഷ് പ്രസ്താവനയിൽ പറഞ്ഞു.
നവകേരള യാത്ര നടന്നത് 2023 നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ്. എന്നാൽ പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിച്ചാൽ 2021 സെപ്റ്റംബർ നാല്, 2022 ഡിസംബർ 25, 2023 ഫെബ്രുവരി 5, നവംബർ 20, 2023 ഒക്ടോബർ 21നും 30നും ഇടയിൽ നിരവധി തവണ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. നവകേരള യാത്രയുടെ മുന്നേ തന്നെ മുഖ്യമന്ത്രിക്ക് പ്രതികളുമായി ബന്ധം ഉണ്ടായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. എല്ലാ കാര്യത്തിലെയും പോലെ നുണകൾ പറഞ്ഞ് വിഷയത്തെ വഴിതിരിച്ചുവിടാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്നും സതീഷ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

