ചെറുതാക്കല്ലെ, നമ്മുടെ ചെറായിയെ
text_fieldsചെറായി ബീച്ച്
ചെറായി: അവധി ദിനങ്ങളിൽ കുടുംബവുമായി ചെറായി ബീച്ചിൽ ഉല്ലാസത്തിന് എത്തുന്ന സഞ്ചാരികൾക്ക് നിരാശ. സൗകര്യങ്ങളുടെ കുറവ് ബീച്ചിലെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. നടപ്പാത വീണ്ടും ഇടിഞ്ഞു താഴ്ന്നു.
തെക്കുഭാഗത്തെ കരിങ്കല്ലുകൾ ഇളകി മാറിയതിനെ തുടർന്നാണ് നടപ്പാത തകർന്നത്. ഒരു വർഷം മുമ്പ് ഈ ഭാഗത്തെ നടപ്പാതക്ക് കേടുപാടുകൾ സംഭവിച്ചപ്പോൾ തന്നെ നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു. എന്നിട്ടും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒഴിവു ദിനങ്ങളിലും അല്ലാതെയും വിനോദസഞ്ചാരികൾ അടക്കം നിരവധി പേരാണ് എത്തുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവിൽ സ്ഥാപിച്ച സി.സി ടി.വി കാമറകൾ പ്രവർത്തിക്കുന്നതിനു മുന്നേ തുരുമ്പിച്ച് താഴെ വീണു.
മതിയായ ലൈറ്റിങ് സംവിധാനമോ ഇരിപ്പിടമോ ഇല്ല. ഭിന്നശേഷിക്കാരെ പ്രവേശിപ്പിക്കുന്നതിനുള്ള കവാടം ഒരുക്കിയിട്ടുണ്ടെങ്കിലും അവർക്കുള്ള ഇരിപ്പിടവും സജ്ജീകരിക്കാനായിട്ടില്ല. ബീച്ചിനെ സംരക്ഷിച്ചു നിർത്താൻ രണ്ടു പുലിമുട്ടുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ട്
കാൽ നൂറ്റാണ്ട് പിന്നിടുന്നു. മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ആളുകളെ ബുദ്ധിമുട്ടിക്കുന്നു. ആവശ്യത്തിന് വെളിച്ചം ഇല്ലാത്തതിനാൽ രാത്രി ബീച്ചും പരിസരവും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രങ്ങളായി മാറുകയാണ്.
ബീച്ചിലെത്തുന്ന വാഹനങ്ങളുടെ ടോൾ പിരിവ് കൃത്യമായി നടക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിന് നടപടിയുണ്ടാകുന്നില്ലെന്നും യാത്രക്കാർ പരാതി പറയുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനാണ് മേൽനോട്ട ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

