നാണക്കേടിന്റെ സ്മാരകമായി ഒരു പമ്പ് ഹൗസ്
text_fieldsചെങ്ങമനാട് പഞ്ചായത്തിലെ പനയക്കടവ് പാലത്തിന് സമീപം നിർത്തലാക്കിയ ചെങ്ങമനാട് ജല അതോറിറ്റി വക പമ്പ് ഹൗസ്
ചെങ്ങമനാട്: അരനൂറ്റാണ്ട് മുമ്പ് ദാഹജലത്തിനായി നാട്ടുകാർ അശ്രയിച്ചിരുന്ന ചെങ്ങമനാട് പമ്പ് ഹൗസ് അടച്ചുപൂട്ടിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും മറ്റൊന്നിനും പ്രയോജനപ്പെടുത്താതെ നാണക്കേടിന്റെ നോക്കുകുത്തിയാകുന്നതായി ആക്ഷേപം. ചെങ്ങമനാട് ജല അതോറിറ്റിയുടെ പമ്പ് ഹൗസാണ് നാട്ടുകാർക്ക് ദുരിതമാകുന്നത്. ചെങ്ങമനാട് പഞ്ചായത്ത് 18ാം വാർഡിൽ പനയക്കടവ്-മംഗലപ്പുഴ റോഡിൽ കമ്പനിക്കടവിനോട് ചേർന്നാണ് പ്രവർത്തനം നിർത്തിയ പമ്പ് ഹൗസ്.
ജലസേചന വകുപ്പിന്റെ അധീനതയിലുള്ളതാണ് സ്ഥലവും പമ്പ് ഹൗസും. മഹാകവി കുമാരനാശാന്റെ പത്നി ഭാനുവതിയമ്മയുടെ ഉടമസ്ഥതയിൽ ഓട് കമ്പനി പ്രവർത്തിച്ചിരുന്ന കാലം മുതൽ സമീപത്ത് പ്രവർത്തനം ആരംഭിച്ചതായിരുന്നു പമ്പ് ഹൗസും. തോടുകൾ സംരക്ഷിക്കാതെയും വിവിധ കമ്പനികളുടെ രാസാവശിഷ്ടമടക്കമുള്ള മാലിന്യം തോട്ടിൽ തള്ളുന്നത് രൂക്ഷമായതോടെയും പാനായിത്തോട്ടിലെ വെള്ളം ഒഴുക്ക് നിലച്ച് ഉപയോഗശൂന്യമാവുകയായിരുന്നു. അതോടെ കുടിവെള്ളം കിട്ടാക്കനിയായി. വെള്ളത്തിൽ ഇരുമ്പിന്റെയും മറ്റ് രാസപദാർഥങ്ങളുടെയും അളവ് രൂക്ഷമാവുകയും വെള്ളം ഉപയോഗിക്കുന്നത് ജീവന് ഭീഷണിയാകുമെന്ന അവസ്ഥയിലെത്തുകയും ചെയ്തു. അതോടെയാണ് പമ്പ് ഹൗസ് പ്രവർത്തനം നിലച്ചത്.
അതിനുശേഷം കുടിവെള്ള പ്രശ്ന പരിഹാരത്തിന് ലക്ഷങ്ങൾ മുടക്കി പല പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും അതെല്ലാം പാഴ്വേലയായി. പദ്ധതികൾക്കായി നിർമിച്ച ഭീമൻ കിണറും മോട്ടോറുകളും അനുബന്ധ സാമഗ്രികളും ചെങ്ങൽത്തോടിന്റെ കൈവഴി സംഗമിക്കുന്ന പെരിയാർ തീരത്ത് ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ചെങ്ങമനാട് കവലയിലെ പഴയ ടാങ്ക് പൊളിച്ചുമാറ്റി വലിയ ടാങ്ക് നിർമിച്ചെങ്കിലും പമ്പ് ഹൗസ് അനാഥാവസ്ഥയിൽ കാട് മൂടിക്കിടക്കുകയായിരുന്നു. അതിനിടെയാണ് മംഗലപ്പുഴ വഴി ആലുവയിൽ എളുപ്പത്തിലെത്താൻ പനയക്കടവ് പാലം യാഥാർഥ്യമായത്. പാലം നിർമാണസമയത്തും പമ്പ് ഹൗസ് പലവിധത്തിൽ തടസ്സം സൃഷ്ടിച്ചിരുന്നു. ഉപയോഗിക്കാനും ഉപേക്ഷിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു. അന്ന് പാലം നിർമാണത്തിനുശേഷം ബാക്കിവന്ന സിമന്റും മെറ്റലും കമ്പിയും കട്ടയുമെല്ലാം ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

