ചെല്ലാനത്ത് കടൽകയറ്റം രൂക്ഷം; നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി
text_fieldsകടൽഭിത്തിയും വീടിന്റെ മതിലും കടന്ന് തിരമാല വീട്ടിലേക്ക് അടിച്ചുകയറുന്നു
പള്ളുരുത്തി : വടക്കൻ ചെല്ലാനം മേഖലയിൽ ശക്തമായ കടൽ കയറ്റം. നൂറുകണക്കിന് വീടുകളിലേക്ക് വെള്ളം കയറി. കനത്ത മഴക്കൊപ്പം കടൽകയറ്റം കൂടിയായതോടെ തീരവാസികൾ കൊടും ദുരിതത്തിലായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കരയിലേക്ക് തിരമാലകൾ കയറി തുടങ്ങിയത്. വൈകീട്ട് വേലിയേറ്റ സമയത്ത് കടൽ കൂടുതൽ ശക്തമായി. കടൽഭിത്തിക്ക് മുകളിലൂടെ തിരമാലകൾ തീരത്തേക്ക് കുതിച്ചെത്തി. ഇതോടെ തീരത്തോട് ചേർന്ന നൂറു കണക്കിന് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. റോഡിലേക്കും വെള്ളം കുത്തി ഒലിച്ചു. റോഡുകൾ വെള്ളത്തിലായതോടെ ഗതാഗതവും തടസ്സപ്പെട്ടു. ടെട്രോപോഡ് കടൽഭിത്തികൾ സ്ഥാപിച്ച ചെല്ലാനം ഹാർബർ മുതൽ പുത്തൻ തോട് വരെ കടൽകയറ്റം അനുഭവപ്പെട്ടില്ലെങ്കിലും കണ്ണമാലി മുതൽ സൗദി വരെ ഭാഗത്ത് മുമ്പില്ലാത്ത വിധം കടൽകയറ്റം രൂക്ഷമായി അനുഭവപ്പെട്ടു. കണ്ണമാലി, ചെറിയ കടവ്, കമ്പനിപ്പടി, ശ്രീരാമ ക്ഷേത്ര പരിസരം, വാട്ടർ ടാങ്ക്, പൊലീസ് സ്റ്റേഷൻ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായിരുന്നു. ചെല്ലാനം പഞ്ചായത്തിലെ നാല് മുതൽ പത്ത് വരെ വാർഡിലെ തീരപ്രദേശത്തെ ഏതാണ്ട് മിക്കവാറും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പലരും ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. വടക്കൻ മേഖലയിൽ അടിയന്തിരമായി ടെട്രോപോഡ് സ്ഥാപിച്ച് തങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് തീരവാസികൾ ആവശ്യപ്പെട്ടു. ഇക്കുറി കാലവർഷത്തിന് മുമ്പായി കാര്യമായ മുൻകരുതൽ നടപടികൾ ഉണ്ടായില്ലെന്നാണ് തീരവാസികൾ ആരോപിക്കുന്നത്.
അതേസമയം ഫോർട്ട്കൊച്ചി, സൗദി, ബീച്ച് റോഡ് എന്നിവിടങ്ങളിലും രൂക്ഷമല്ലാത്ത രീതിയിൽ കടൽകയറ്റം അനുഭവപ്പെട്ടു. കടൽകയറ്റത്തിനൊപ്പം കായൽ തീരത്ത് വേലിയേറ്റവും ശക്തമായി അനുഭവപ്പെട്ടു. ഇവിടെയും വീടുകളിലേക്ക് വെള്ളം കയറി. കുമ്പളങ്ങി, പെരുമ്പടപ്പ് മേഖലയിലാണ് വേലിയേറ്റം രൂക്ഷമായി അനുഭവപ്പെട്ടത്. കുമ്പളങ്ങിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

