തുണിക്കെട്ടുകളുടെ മറവിൽ പാർസലായി കഞ്ചാവ് കടത്ത് വ്യാപകം
text_fieldsപ്രതീകാത്മക ചിത്രം
നെടുമ്പാശ്ശേരി: വിശാഖപട്ടണത്തുനിന്ന് തുണിക്കെട്ടുകളുടെ മറവിൽ സംസ്ഥാനത്തേക്ക് വ്യാപകമായി കഞ്ചാവ് എത്തുന്നതായി കസ്റ്റംസ് ഇൻറലിജൻസ് റിപ്പോർട്ട്. ഇതേതുടർന്ന് പാർസൽ - കൊറിയർ സ്ഥാപനങ്ങളിൽ നിരീക്ഷണം ശക്തമാക്കി.
കൊച്ചിയിൽ വൻതോതിൽ കഞ്ചാവ് ശേഖരമുണ്ട്. വ്യാജരേഖകളിലാണ് പലരും കഞ്ചാവ് ഒളിപ്പിക്കുന്നതിനായി വീടുകളും മറ്റും വാടകക്കെടുക്കുന്നതെന്നും കണ്ടെത്തി. അടുത്തിടെ 40കിലോ കഞ്ചാവുമായി ട്രെയിനിൽ പിടിയിലായ സുധീർ കൃഷ്ണൻ ഇത്തരത്തിൽ വ്യാജരേഖയുണ്ടാക്കി പലയിടങ്ങളിലും മാറിമാറി തങ്ങിയിട്ടുണ്ട്. കഞ്ചാവ് കടത്തുന്നതിനായി വാഹനങ്ങൾ വാടകക്കെടുക്കുന്നതുപോലും വ്യാജരേഖകൾ ഉപയോഗിച്ചാണ്. ഇയാൾ കൊച്ചിയിൽ എത്തിയാൽ രണ്ട് സ്ത്രീകളുടെ വീടുകളിൽ പതിവായി തങ്ങാറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, എക്സൈസ് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് ഇയാളുടെ കഞ്ചാവ് ഇടപാടുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. സ്ത്രീകളിലൊരാൾ അധ്യാപിക കൂടിയാണ്. ഫേസ്ബുക്ക് വഴി ഇയാൾ പല സ്ത്രീകളുമായും ബന്ധം സ്ഥാപിച്ചതെന്നും കണ്ടെത്തി.
ആന്ധ്രയിൽനിന്ന് 50 കിലോ കഞ്ചാവ് ഒന്നിച്ചുവാങ്ങിയാൽ കിലോക്ക് 3000 രൂപവരെ നൽകിയാൽ മതി. ഇത് കേരളത്തിലെത്തിച്ച് വിൽപന നടത്തുമ്പോൾ 20,000 രൂപക്ക് മുകളിൽ ലഭിക്കും. അതുകൊണ്ടാണ് കൂടിയ തോതിൽ കഞ്ചാവുമായി പലരും എത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
കഞ്ചാവ് ഉപയോഗിക്കുന്നവരെയും ചെറുകിട കച്ചവടക്കാരെയും നിരീക്ഷിച്ചാണ് അന്തർ സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് എത്തിക്കുന്നവരെ പ്രധാനമായും എക്സൈസ് പിടികൂടുന്നത്. ഇത് മനസ്സിലാക്കിയാണ് ഇപ്പോൾ കഞ്ചാവ് നേരിട്ടെത്തിക്കാതെ പാർസലും കൊറിയറും വഴി കൈമാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

