പാറക്കടവ് പഞ്ചായത്തിൽ ശലഭ പാർക്കൊരുങ്ങുന്നു
text_fieldsചീരോത്തിത്തോട് റോഡിൽ മുള ബെഞ്ചിലിരുന്ന് ചിത്രം വരക്കുന്ന കലാകാരൻ
ചെങ്ങമനാട്: ചിരിക്കാനും ചിന്തിക്കാനും ആനന്ദിക്കാനും ഒരിടം. സായാഹ്ന, പ്രഭാത സവാരികൾക്ക് പച്ചപ്പിന്റെ മനോഹര വഴിയോരം. പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളം ചീരോത്തിതോട് റോഡിലാണ് എഴുതുന്നവർക്കും വരക്കുന്നവർക്കും പാടുന്നവർക്കും പഠിക്കുന്നവർക്കുമെല്ലാം മനസ്സിന് കുളിർമയേകുന്ന അപൂർവമായൊരു ശലഭ കൂടാരം ഒരുങ്ങുന്നത്.
പരിസ്ഥിതിയെ നെഞ്ചേറ്റുന്ന നാട്ടു കൂട്ടത്തിന്റെ ആഭിമുഖ്യത്തിലാണ് ചാലക്കുടിയാറിന്റെയും, പച്ചപുതച്ച വയലുകളുടെയും സാന്നിധ്യമുള്ള പാറക്കടവ് ഗ്രാമത്തിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ ശലഭോദ്യാനത്തിന് പ്രത്യേക ഇടം കണ്ടെത്തിയത്. മുളകൾ കൊണ്ടുള്ള ഇരിപ്പിടങ്ങൾ വൈകുന്നേരങ്ങളിൽ സജീവമാണ്. റോഡിന്റെ വശങ്ങളിൽ 101 മൺചട്ടികൾ സ്ഥാപിച്ച് അതിൽ വർണ ശലഭങ്ങളെ ആകർഷിക്കുന്ന കിലുക്കിച്ചെടി, ഡി.വി.ഡി മരങ്ങൾ, കൃഷ്ണ കിരീടം, മഞ്ഞമുള, കറിവേപ്പ്, സുന്ദരിപ്പൂവ് തുടങ്ങിയവയാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്.
മഴക്കാലത്ത് പോലും രാവിലെയും വൈകുന്നേരങ്ങളിലും നിരവധി പേർ ഇവിടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും വിശ്രമിക്കാനും എത്തുന്നുണ്ട്. ഇവിടെയിരുന്നാൽ സൂര്യോദയവും സൂര്യാസ്തമയവും കണ്ണ് നിറയെ കാണാമെന്നതാണ് മറ്റൊരു സവിശേഷത. രാജി പിഷാരസ്യാർ, മിനോൺ തുടങ്ങിയവർ വൈകുന്നേരങ്ങളിൽ ഇവിടെയെത്തി പതിവായി ചിത്രം വരക്കുന്നുണ്ട്. മാലിന്യം വലിച്ചെറിയുന്നവർക്കും പരിസരം ദുർഗന്ധപൂരിതമാക്കുന്നവർക്കും മുന്നറിയിപ്പ് കൂടിയാണ് നാട്ടൊരുമയുടെ പ്രതീകം കൂടിയായ ശലഭോദ്യാനം. ഇത്തരക്കാരെ കണ്ടെത്താൻ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

