കൊച്ചി: നഗരത്തിൽ മാസങ്ങളായി പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് നൂറ് വർഷത്തോളം പഴക്കമുള്ള ചെമ്പുപാത്രങ്ങൾ വിറ്റ കേസിലെ പ്രതി പിടിയിലായി.
രാത്രി നിർത്തിയിട്ട ബസുകളിൽനിന്ന് ബാറ്ററികളും മറ്റു സ്പെയർപാർട്സും മോഷ്ടിക്കുന്നതും പതിവാക്കിയ കലൂർ മണപ്പാട്ടിപറമ്പ് സ്വദേശി അൻസാറിനെയാണ് (32) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് മാസംമുമ്പ് എസ്.ആർ.എം റോഡിലെ പൂട്ടിക്കിടന്ന വീട്ടിൽനിന്നാണ് ഇയാൾ സാധനങ്ങൾ മോഷ്ടിച്ചത്. വീട്ടുടമ മകനോടൊപ്പം ബംഗളൂരുവിലായതിനാൽ മോഷണവിവരം അറിയാൻ വൈകി. മോഷ്ടിച്ച സാധനങ്ങൾ ചേരാനല്ലൂരിലെ പുരാവസ്തു ഷോപ്പിൽ വിൽപന നടത്തുകയായിരുന്നു. കഴിഞ്ഞ വർഷം കലൂർ മണപ്പാട്ടിപറമ്പ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസിെൻറ ബാറ്ററിയും മറ്റും പ്രതി മോഷ്ടിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി.
വിറ്റ പാത്രങ്ങളും ബാറ്ററിയും പൊലീസ് കണ്ടെടുത്തു. എറണാകുളം ടൗൺ നോർത്ത് എസ്.ഐ വി.ബി. അനസ്, സി.പി.ഒമാരായ എൻ.ആർ. രമേശ്, വിനീത്, അജിലേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.