ബ്രോഡ്വേയിലെ പാർക്കിങ് കുരുക്ക്: പരിഹാരം കാണാൻ നഗരാസൂത്രണ സമിതി
text_fieldsകൊച്ചി: എറണാകുളം നഗരത്തിന്റെ വ്യാപാര കേന്ദ്രമായ ബ്രോഡ്വേയിലെ പാർക്കിംഗ് കുരുക്കിന് സ്ഥിരമായ പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നഗരാസൂത്രണ സമിതി (ടി.പി.സി). കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് മേയർ വി.കെ. മിനിമോൾ ടി.പി.സിയെ ഇക്കാര്യം ചുമതലപ്പെടുത്തിയത്.
ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും റിപ്പോർട്ട് തയ്യാറാക്കുന്നത്. വരുന്ന ക്രിസ്മസ്-പുതുവത്സ സീസണിന് മുന്നോടിയായി നവംബർ-ഡിസംബർ മാസങ്ങൾക്കുള്ളിൽ തന്നെ പദ്ധതി നടപ്പിലാക്കണമെന്നാണ് നിർദേശം. ബ്രോഡ്വേയിൽ പാർക്കിംഗ് പൂർണമായും നിരോധിക്കണമെന്ന് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെന്നും ഇതിൽ കോർപ്പറേഷന്റെ തീരുമാനം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. എന്നാൽ പകരം സംവിധാനം ഏർപ്പെടുത്താതെ പെട്ടെന്ന് പാർക്കിംഗ് നിരോധിക്കുന്നത് പ്രായോഗികമല്ലെന്നാണ് കൗൺസിലർമാരിൽ പലരും ചൂണ്ടിക്കാട്ടി.
പാർക്കിങ്ങിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനും, കാൽനടയാത്രക്കാർക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാൻ നടപ്പാതകൾ കയ്യേറിയുള്ള തെരുവ് കച്ചവടക്കാരെ വെൻഡിംഗ് സോണുകളിലേക്ക് പുനരധിവസിപ്പിക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും ടി.പി.സിക്ക് നിർദേശം നൽകിയിട്ടുണ്ട്. ബ്രോഡ്വേയിൽ ഇരുചക്ര വാഹനങ്ങൾ മൂന്ന് വരികളിലായി പാർക്ക് ചെയ്യുന്നത് കാരണം ആളുകൾക്ക് നടന്നുപോകാൻ പോലും സാധിക്കാത്ത സ്ഥിതിയാണെന്നും നടപ്പാതകൾ തെരുവ് കച്ചവടക്കാർ കയ്യടക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയാണെന്നും കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ പറഞ്ഞു
. പകരം പാർക്കിംഗ് സ്ഥലം അനുവദിക്കാതെ ബ്രോഡ്്വേയിൽ നിരോധനം ഏർപ്പെടുത്തിയാൽ പ്രശ്നം ബ്രോഡ്വേയിൽ നിന്ന് തൊട്ടടുത്തുള്ള മേനകയിലേക്ക് മാറുക മാത്രമേയുള്ളൂ എന്ന് പ്രിയ പ്രശാന്ത് ചൂണ്ടിക്കാട്ടി. നടപ്പാത കൈയേറി കച്ചവടം നടത്തുന്നവരെ നിശ്ചിത വെൻഡിംഗ് സോണുകളിലേക്ക് മാറ്റണമെന്ന് കൗൺസിലർ ഹെൻറി ഓസ്റ്റിൻ ആവശ്യപ്പെട്ടു. ഇവരുടെ സാന്നിധ്യം ബ്രോഡ്വേയിലെ കടയുടമകളുടെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാർക്കിംഗ് സൗകര്യവും കച്ചവടക്കാരുടെ പുനരധിവാസവും ഉൾപ്പെടുത്തിയുള്ള സമഗ്രമായ പരിഹാരമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം വ്യാപാരികളുടെ ആവശ്യപ്രകാരം ബ്രോഡ്വേയിലെ പാർക്കിംഗ് സ്ഥലങ്ങളുടെ നടത്തിപ്പിനായി ടെൻഡർ വിളിക്കാനും കൗൺസിൽ തീരുമാനിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

